1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2019

സ്വന്തം ലേഖകന്‍: പുല്‍വാമയില്‍ ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാറെന്ന് ദൃക്‌സാക്ഷി മൊഴി; ഇത് സുര്‍ക്ഷാ പിഴവെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും നിമിഷങ്ങള്‍ക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.

അതിനിടെ ജമ്മു മുതല്‍ തന്നേ ചുവന്ന കാര്‍ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണസംഘത്തെ അറിയിച്ചു. വാഹനവ്യൂഹത്തിലെ അവസാന ബസിനെ ഇടിക്കാനായിരുന്നു അയാള്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കം മൂന്നാം നമ്പര്‍ ബസിന് നേരേ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ തൊട്ടുമുന്‍പ് വാഹനവ്യൂഹത്തിന്റെ ഇരുവശത്തുകൂടെയും ഓടിച്ചുപോകാന്‍ ശ്രമിച്ച ആദില്‍ ദറിനോട് വാഹനവ്യൂഹത്തില്‍നിന്ന് അകലംപാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദൃക്‌സാക്ഷികളുടെ മൊഴികള്‍ ശരിവെയ്ക്കുന്നവിധം സംഭവസ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പോലീസും അറിയിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഇത് അക്രമത്തിനുപയോഗിച്ച കാറിന്റേതാണെന്നും എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദില്‍ ദറിന് സ്‌ഫോടകവസ്തുക്കള്‍ കൈമാറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിനിടെ ഒരു വര്‍ഷം മുന്‍പ് പോലീസിന് ലഭിച്ച നിര്‍ണായക വെളിപ്പെടുത്തലിനെ സംബന്ധിച്ചും അന്വേഷണം വ്യാപകമാക്കി. 2017ല്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘം തന്നെ സമീപിച്ചതായി കശ്മീര്‍ സ്വദേശിയായ അര്‍ജു ബഷീര്‍ പോലീസിനെ അറിയിച്ചിരുന്നു. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരേ മറ്റൊരു വാഹനം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു അവരുടെ നിര്‍ദേശം. ഈ വിവരം ബഷീര്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഷീറിനെ സമീപിച്ചവരും ആദിലിന് സ്‌ഫോടകവസ്തുക്കള്‍ നല്‍കിയവരും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

അതിനിടെ പുല്‍വാമയിലെ ഭീകരാക്രമണത്തിനു കാരണം ഗുരുതരമായ സുരക്ഷാവീഴ്ചയെന്നു ഇന്ത്യയുടെ ചാര സംഘടനയായ ‘റോ’യുടെ മുന്‍ തലവന്‍ വിക്രം സൂദ് പറഞ്ഞു. ഒന്നിലധികം പേര്‍ ചേര്‍ന്നായിരിക്കും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടാവുകയെന്നും അതില്‍ ഒരാള്‍ സ്‌ഫോടന വസ്തുക്കള്‍ വാങ്ങിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരാള്‍ അവ ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തു. വേറെ ആരെങ്കിലുമായിരിക്കും കാര്‍ സംഘടിപ്പിച്ചിട്ടുണ്ടാവുക. അവര്‍ക്ക് സി.ആര്‍.പി.എഫ് വാഹനവ്യൂഹം വരുന്ന വിവരത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നിരിക്കണമെന്നും വിക്രം സൂദ് ഹൈദരാബാദില്‍ പറഞ്ഞു. സാധാരണ സി.ആര്‍.പി.എഫുകാര്‍ അടക്കമുള്ള സേനാംഗങ്ങളെ സുരക്ഷ പരിഗണിച്ച് വിമാനമാര്‍ഗമാണ് കൊണ്ടുപോകാറുള്ളത്.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സി.ആര്‍.പി.എഫ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടേതെന്ന പേരില്‍ പോലും വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ് തന്നെ രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.