1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

സ്വന്തം ലേഖകന്‍: ‘ഇതിന് വലിയ വില നല്‍കേണ്ടി വരും; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം,’ പ്രധാനമന്ത്രി മോദി; പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചു; തെളിവ് കൈമാറിയാല്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍; പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍; പാകിസ്താനെ കൈവിടാതെ ചൈന. ഭീകരാക്രമണത്തിനിരയായ സൈനികരെ സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് എയര്‍ക്രാഫ്റ്റ് വഴിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇവിടെ നിന്നും മൃതദേഹങ്ങള്‍ നാളെ അതാത് നാടുകളിലേക്ക് എത്തിക്കും.  അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തിന് ചരടുവലി നടത്തിയവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണം നടത്തിയവര്‍ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന് തിരിച്ചടി നല്‍കിയിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിലും പാകിസ്താന്‍ അതിര്‍ത്തിയിലും നിലനില്‍ക്കുന്നത് യുദ്ധസമാനമായ അന്തരീക്ഷം. ഇന്ത്യപാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. അതേസമയം, പുല്‍വാമ ആക്രമണത്തിന് പിന്നാലെ ജമ്മുവില്‍ രൂപം കൊണ്ട പ്രതിഷേധം ജമ്മുവില്‍ കലാപസ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. കത്വയില്‍ പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങി.

ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. വര്‍ഗ്ഗീയകലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്.

മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു. ഇന്നലെ പുല്‍വാമയില്‍ സൈനികവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുകള്‍ അടങ്ങിയ കാര്‍ ഇടിച്ചു കയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അക്രമണത്തിന് പിന്നാലെ പുല്‍വാമയ്ക്ക് ചുറ്റുമുള്ള പതിനഞ്ചോളം ഗ്രാമങ്ങള്‍ ഇന്നലെ സൈന്യം വളഞ്ഞു.

പുല്‍വാമ ആക്രമണത്തിന് ഏത് രീതിയിലുള്ള തിരിച്ചടി നല്‍കണമെന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പാകിസ്താന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഇന്ത്യ പുല്‍വാമ സംഭവത്തില്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം ആ രാജ്യത്തെ അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയോട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിച്ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ചേരും. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം, പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള നീക്കം ശക്തമാക്കിയ വിദേശകാര്യമന്ത്രാലയം ചൈന അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അക്രമണത്തില്‍ പാക് പങ്ക് ബോധ്യപ്പെടുത്താനാണ് ശ്രമം. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടരും. അവന്തിപൊരയിലെ ഭീകരാക്രമണത്തെ അപലപിച്ച ചൈന പക്ഷേ മസൂദ് അസറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തിന് പിന്തുണ നല്‍കിയില്ല.

കശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്കൊപ്പമാണെന്നും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി. ചാവേറാക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാന്‍ ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.