1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015

സ്വന്തം ലേഖകന്‍: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം അടിച്ചമര്‍ത്താന്‍ ഭരണസമിതി നീക്കം. സമരം നടത്തുന്ന 44 ഓളം വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന് ആരോപണം ഉയര്‍ത്തി ഉടന്‍ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഭരണസമിതി ഗൂഡാലോചന നടത്തുന്നതായി സൂചനയുണ്ട്.

സംഘ് പരിവാര്‍ ബന്ധമുള്ളവരെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ തിരുകിക്കയറ്റിയതിനെതിരെ 40 ദിവസത്തിലേറെയായി വിദ്യാര്‍ഥികള്‍ നിസഹരണ സമരത്തിലാണ്. സമരക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി സമരം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം. ഇന്‍സ്റ്റിറ്റ്യൂട്ട് തല്‍ക്കാലത്തേക്ക് അടച്ചിടാനും നീക്കമുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഗുല്‍സാര്‍, ശ്യാം ബെനഗല്‍, ജാനു ബറുവ തുടങ്ങിയ പ്രമുഖരെ തഴഞ്ഞ് ബി.ജെ.പി അനുഭാവി ജോഗേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനാക്കിയതിനെതിരെയാണ് ജൂണ്‍ 12 മുതല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. ചൗഹാനെ നീക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥികളും നിയമനം പുന$പരിശോധിക്കുകയില്‌ളെന്ന് കേന്ദ്രസര്‍ക്കാറും വാശിയിലാണ്.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഫീസ് നല്‍കാതെ കാലങ്ങളായി ഹോസ്റ്റലില്‍ തങ്ങുന്നുവെന്നാരോപിച്ച് 44 വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക ഡയറക്ടര്‍ പ്രശാന്ത് പത്ത്‌റാബെ നോട്ടീസ് നല്‍കിയത്. വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയോ മാനേജര്‍ സഞ്ജയ് ചന്ദേകര്‍ പുണെ പൊലീസില്‍ പരാതിയും നല്‍കി.

പരാതിയെ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥികളെ ചോദ്യംചെയ്തു. സമരക്കാരില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി മറ്റു വിദ്യാര്‍ഥികള്‍ മൊഴിനല്‍കിയെന്ന് പൊലീസ് പറഞ്ഞു.
ഗജേന്ദ്ര ചൗഹാന്‍ന്റെ നിയമനത്തില്‍ സിനിമാ, രാഷ്ട്രീയ മേഖലകളില്‍ കടുത്ത എതിര്‍പ്പുണ്ട്. ചൗഹാനു പുറമെ സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധമുള്ള അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, രാഹുല്‍ സോലാപൂര്‍ക്കര്‍, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളായി നിയോഗിച്ചതിലും പ്രതിഷേധമുണ്ട്. അന്തിമവട്ട ചര്‍ച്ചക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് വിദ്യാര്‍ഥികള്‍ അവസരം ചോദിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.

കഴിഞ്ഞ മൂന്നിന് ഓസ്‌കര്‍ ജേതാവും ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വവിദ്യാര്‍ഥിയുമായ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് മന്ത്രി വിട്ടുവീഴ്ചക്ക് തയാറായില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവത്കരിക്കുകയോ അടച്ചിടുകയോ ചെയ്യുമെന്ന മുന്നറിയിപ്പാണ് അന്ന് ജെയ്റ്റ്‌ലിയും നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.