1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2021

സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിനെ വിമർശിച്ചതിന്​ ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഗുരുതരാവസ്​ഥയിലായ അലക്​സി നാവൽനി മാസങ്ങൾ നീണ്ട വിദേശ ചികിത്സക്കൊടുവിൽ നാട്ടിലെത്തിയപ്പോൾ പിടിയിൽ. ജർമനിയിൽ നിന്ന്​ റഷ്യയിലേക്ക്​ മടങ്ങിയെത്തിയ ഉടൻ മോസകോയിൽനിന്നാണ്​ 44 കാരനെ റഷ്യൻ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

മോസ്​കോയിൽ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പാസ്​പോർട്ട്​ നിയന്ത്രണ വിഭാഗത്തിലെ പൊലീസുകാർ അറസ്​റ്റ്​ രേഖപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. മോസ്​കോയിലെ മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു നാവൽനി ടിക്കറ്റെടുത്തത്​. വരവേൽക്കാൻ അവിടെ കാത്തിരുന്ന ആയിരക്കണക്കിന്​ പേരെ നിരാശരാക്കി വിമാനം വഴിതിരിച്ചുവിട്ടായിരുന്നു നടപടി.

കഴിഞ്ഞ വർഷം ആഗസ്​റ്റിൽ സൈബീരിയയിൽ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തിലായിരിക്കെ പെ​ട്ടെന്ന്​ കുഴഞ്ഞുവീണ നാവൽനിയെ വിദഗ്​ധ ചികിത്സക്കായി ജർമനിയിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. വിഷം കഴിച്ചാണ്​​ കോമയിലായതെന്നും വധശ്രമമായിരുന്നുവെന്നും ആരോപണമുയർന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ആരോഗ്യം തിരിച്ചുകിട്ടിയ​തോടെ നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അറസ്​റ്റ്​ ചെയ്യപ്പെടുമെന്ന്​ സൂചനകളുണ്ടായിട്ടും വകവെക്കാതെ പോബിഡ എയർലൈൻസ്​ വിമാനത്തിൽ യാത്ര പുറപ്പെട്ടു.

ബി.ബി.സി ലേഖകനുൾപെടെ നിരവധി മാധ്യമ പ്രവർത്തകരും പ്രതിപക്ഷ നേതാവിനെ അനുഗമിച്ചിരുന്നു. എന്നാൽ, ലാൻഡ്​ ചെയ്യാൻ ഒരുങ്ങുന്നതിനിടെ വിമാനം സാ​ങ്കേതിക കാരണങ്ങളാൽ വിനുകോവോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു പകരം വഴി തിരിച്ചുവിടുകയാണെന്ന്​ പൈലറ്റ്​ അറിയിച്ചു.

ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ​ നാവൽനി ‘എല്ലാം ശരിയെന്ന്​ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഒന്നിനെയും ഭയക്കുന്നില്ലെന്നും’ പ്രഖ്യാപിച്ചു. അതുകഴിഞ്ഞ്​ നീങ്ങുന്നതിനിടെ രഹസ്യമായി കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം പത്​നി യൂലിയയും കൂടെയുണ്ടായിരുന്നു. യൂലിയക്കോ അഭിഭാഷകനോ നാവൽനിയെ അനുഗമിക്കാൻ അനുമതി നൽകിയില്ല.

മോസ്​കോ പൊലീസ്​ സ്​റ്റേഷനിലാണ്​ നാവൽനി ഇപ്പോഴുള്ളത്​. പ്രതിപക്ഷ നേതാവ്​ നാവൽനി എത്തുന്നത്​ പരിഗണിച്ച്​ മോസ്​കോയിൽ പൊലീസ്​ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. നിരവധി സന്നദ്ധ പ്രവർത്തകരെയും അനുബന്ധമായി കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

പ്രൊബേഷൻ കാലാവധിയിലെ നിയമ ലംഘനങ്ങൾക്ക്​ പൊലീസ്​ അന്വേഷിച്ചുവരികയായിരുന്നും അറസ്​റ്റ്​ അതിന്റെ പേരിലായിരുന്നുവെന്നും അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.