1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2020

സ്വന്തം ലേഖകൻ: ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെയാണ്. നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി പെര്‍മിറ്റാണ് അപേക്ഷ നല്‍കാതെ തന്നെ ഓട്ടമാറ്റിക്കായി ലഭിക്കുന്നത്.

ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ എക്‌സിറ്റ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതായി കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പോയ പ്രവാസി താമസക്കാരില്‍ ചിലര്‍ വ്യക്തമാക്കി. 2021 ജൂണ്‍ വരെയാണ് മിക്കവര്‍ക്കും ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി. ഇന്ത്യയിലേക്ക് പോയ പ്രവാസികളുടെ പെര്‍മിറ്റില്‍ തിരികെ ദോഹയിലെത്തുമ്പോള്‍ 7 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ എന്നതും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസി താമസക്കാര്‍ക്ക് മടങ്ങിയെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓട്ടമാറ്റിക് പെര്‍മിറ്റ് സംവിധാനം. അതേസമയം തിരികെ എത്തുമ്പോഴുള്ള ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍, ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

എന്നാല്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരും നവംബര്‍ 29ന് മുന്‍പ് വിദേശയാത്രക്ക് പോയവരുമായ പ്രവാസികള്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിച്ചാല്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളു. പോര്‍ട്ടല്‍ മുഖേന ഒരു മാസത്തെ കാലാവധിയില്‍ ലഭിക്കുന്ന പെര്‍മിറ്റ് ഒരുമാസത്തേക്ക് കൂടി പുതുക്കാനും കഴിയും. പെര്‍മിറ്റ് ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ ലഭ്യത അനുസരിച്ച് മടങ്ങിയെത്താം.

കൊവിഡ് വാക്‌സീൻ എടുക്കുന്നതു നിർബന്ധിതമാക്കാൻ പദ്ധതിയില്ലെന്നു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വാക്‌സീൻ വിതരണം ആരംഭിച്ചാൽ സ്വീകരിക്കണോ വേണ്ടയോ എന്നത് പൊതുജനങ്ങൾക്ക് തീരുമാനിക്കാമെന്ന് വാക്‌സിനേഷൻ വകുപ്പ് മേധാവി ഡോ.സോഹ അൽ ബെയ്ത് വ്യക്തമാക്കി.

കൊവിഡിന്റെ അപകട സാധ്യതകളെക്കുറിച്ചു രാജ്യത്തെ പ്രവാസികൾക്കും സ്വദേശികൾക്കും ഉയർന്ന അവബോധമുള്ളതിനാൽ സ്വയവും സമൂഹത്തെയും സംരക്ഷിക്കാനും കൊവിഡ് വാക്‌സീൻ എടുക്കണമെന്നത് പൊതുജനങ്ങൾ തിരഞ്ഞെടുക്കുമെന്നും ഡോ.സോഹ ചൂണ്ടിക്കാട്ടി. വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ബയോടെക്കും വികസിപ്പിച്ച കൊവിഡ് വാക്‌സീൻ 90 ശതമാനത്തോളം ഫലപ്രദമെന്നാണു കണ്ടെത്തൽ.

ഫൈസറും മോഡേണയുമായി ഖത്തർ കരാർ ഒപ്പുവച്ചിട്ടുള്ളതിനാൽ റഗുലേറ്ററി അനുമതി ലഭിക്കുന്നതനുസരിച്ച് ഡിസംബറിൽ ഫൈസറിന്റെ ആദ്യ ബാച്ച് വാക്‌സീനെത്തുമെന്നാണ് സൂചന. രാജ്യത്തെ മുഴുവൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി വാക്‌സീൻ നൽകും. വാക്സീൻ ലഭിക്കുമ്പോൾ ആദ്യ പരിഗണന വയോധികർ, വിട്ടുമാറാത്ത രോഗമുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.