1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2017

സ്വന്തം ലേഖകന്‍: ഖത്തറിലേക്ക് പറക്കാന്‍ പുതിയ പാതതേടി ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സും, ഇന്ധന ക്ഷമത കൂട്ടാന്‍ ലഗേജ് പരിധി വെട്ടികുറക്കും. സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഖത്തറിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളുടെ വ്യോമപാത മാറ്റി. എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളാണ് പ്രധാനമായി ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസുകള്‍ നടത്തുന്നത്.

ഈ കമ്പനികളാണ് പുതിയ പാത പരീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും പറന്നുയരുന്ന വിമാനങ്ങള്‍ പാകിസ്താന്‍ ഇറാന്‍ എന്നീ രാജ്യങ്ങളുടെ മുകളിലൂടെ പറക്കാറുള്ളത്. ഇവയ്ക്ക് മാറ്റമുണ്ടാകില്ല. അതേസമയം കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും പറക്കുന്ന വിമാനങ്ങള്‍ ഒമാന്റേയും യുഎഇയുടേയും ആകാശത്തു കൂടെയാണ് പറക്കുക പതിവ്. എന്നാല്‍ ഈ വിമാനങ്ങള്‍ വഴിമാറി ഇറാന്റെ ആകാശത്തിലൂടെയാകും പറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള യാത്രാ സമയത്തില്‍ പത്ത് മുതല്‍ അന്‍പത് മിനിട്ടു വരെ വര്‍ധനയുണ്ടാകും. ദൂരം കൂടിയതിനാല്‍ ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പരിഷ്‌ക്കാരങ്ങളും വിമാനക്കമ്പനികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ജെറ്റ് എയര്‍വെയ്‌സ് ലഗേജ് പരിധി മുപ്പതില്‍ നിന്നും ഇരുപത് കിലോയാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ പ്രീമിയം വിഭാഗത്തില്‍പെട്ട യാത്രക്കാര്‍ക്ക് 30 കിലോ കൊണ്ടുപോകാം.

എയര്‍ ഇന്ത്യയും ലഗേജിന്റെ ഭാരം കുറച്ചിട്ടുണ്ട്. ഇന്ത്യയിലെ 14 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍ലൈന്‍സും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 16 ലക്ഷം യാത്രക്കാരാണ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ദുബായ്, മസ്‌കറ്റ്, കുവൈറ്റ്, ജിദ്ദ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും ആളുകള്‍ യാത്ര ചെയ്യുന്ന നഗരമാണ് ദോഹ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.