1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീറിന്റെ മധ്യസ്ഥതയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസിയും നോര്‍ക്കയും. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു . കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, യുഎഇ ഭരണനേതൃത്വവുമായും ഖത്തര്‍ അമീറുമായും ചര്‍ച്ച നടത്തി. റമസാന്‍ മാസത്തില്‍ തന്നെ പ്രശ്‌ന പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് യുഎഇയിലെത്തിയ കുവൈത്ത് അമീര്‍, ദുബായില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായും ഖത്തര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. കുവൈത്തിലെയും യുഎഇയിലെയും മുതിര്‍ന്ന മന്ത്രിമാരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

യുഎഇ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം നേരെ ഖത്തറിലേക്ക് പോയ കുവൈത്ത് അമീര്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് അദ്ദേഹം ഖത്തര്‍ നേതൃത്വത്തെ അറിയിച്ചു. ചൊവ്വാഴ്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കുവൈത്ത് അമീര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും ഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തെ നേരിടാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഐക്യത്തോടെ നിലകൊള്ളണമെന്നു സല്‍മാന്‍ രാജാവിനോടു ട്രംപ് അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാന്‍ സന്നദ്ധമാണെന്നു ഷെയ്ഖ് തമീമിനോടും പറഞ്ഞു. ഖത്തര്‍ പ്രതിരോധമന്ത്രിയുമായി യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഫോണില്‍ ചര്‍ച്ച നടത്തി.

ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാവുകയുള്ളൂ എന്ന് യുഎഇ വ്യക്തമാക്കി. ഉപരോധം നീക്കാന്‍ ചര്‍ച്ചയ്ക്ക തയാറാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ജിസിസി അടിയന്തര യോഗം ചേരും. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ അധ്യക്ഷതയിലായിരിക്കും യോഗം. കുവൈറ്റിലെ യോഗത്തിലേക്ക് ഈജിപ്ത് പ്രധാനമന്ത്രിയേയും ക്ഷണിക്കും.

സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത്, യെമന്‍, മാലദ്വീപ്, കിഴക്കന്‍ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. ഐഎസ് ഭീകരര്‍ക്ക് ഖത്തര്‍ ധനസഹായവും മറ്റു സഹായങ്ങളും ചെയ്യുന്നതിന്റെ പേരിലാണ് നടപടി. ഖത്തറിലേക്കുള്ള വ്യോമഗതാഗതം വിലക്കിയ അയല്‍ രാജ്യങ്ങളുടെ നടപടി പശ്ചിമേഷ്യയിലെങ്ങും വ്യോമഗതാഗതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളാണ് ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജിനും സമയ നഷ്ടത്തിനും ഇരയാകുന്നത്.

അതേസമയം ഖത്തര്‍ വിഷയത്തില്‍ ഇന്ത്യക്കാര്‍ക്ക് വേവലാതി വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നുവരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. ഇന്ത്യക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ ജാഗരൂകരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തര്‍ അധികൃതരുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും, ഇന്ത്യക്കാര്‍ക്ക് ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ സ്ഥിതിഗതികളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നോര്‍ക്ക റൂട്‌സ് അധികൃതരും വ്യക്തമാക്കി. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായവരും നിരുത്തരവാദപരമായി പെരുമാറി ഭയാശങ്കയ്ക്കു വഴിമരുന്നിടരുതെന്നും ദോഹയില്‍ നോര്‍ക്ക പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പെരിയസ്വാമി കുമാരനുമായി സംസാരിച്ചശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു നോര്‍ക്ക റൂട്‌സ് അധികൃതര്‍. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പ്രവാസികളോട് ആവശ്യപ്പെട്ട നോര്‍ക്ക് അധികൃതര്‍ നിലവിലെ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികളോടും ഖത്തര്‍ എയര്‍വെയ്‌സിനോടും ആവശ്യപ്പെടാന്‍ ഇന്ത്യന്‍ എംബസിയോട് അഭ്യര്‍ഥിച്ചതായും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.