1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും ഇടപെടുന്നു, ഖത്തറിനെതിരായ ഊരുവിലക്ക് മയപ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍. സ്വയം ന്യായീകരിച്ച് സൗദിയും യുഎഇയും. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന് പിന്നാലെ പാകിസ്ഥാനും രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് റിയാദില്‍ എത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യന്താപേഷിതമാണെന്ന് കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സൈനീക മേധാവി ഖ്വമര്‍ ജാവേദ് എന്നിവരും പാക് പ്രധാനമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ നവാസ് ഷെരീഫ് യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ ഭരണാധികാരികളുമായും ചര്‍ച്ച നടത്തിയേക്കും.
മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാ നേരത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈറ്റ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്തെ പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ എയര്‍വെയ്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സൗദി വ്യോമയാന വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗദിയും യുഎഇയും ബഹ്‌റൈനും വ്യോമാതിര്‍ത്തി അടച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവിന്റെ വാദത്തോടുള്ള മറുപടിയാണ് സൗദിയുടെ ന്യായീകരണം. യുഎഇയും ബഹ്‌റൈനും സമാനമായ പ്രസ്താവനകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ ഉപരോധം മറ്റ് രാജ്യാന്തര കമ്പനികള്‍ക്ക് ബാധകമല്ലെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഖത്തറിലെ വിമാന കമ്പനികള്‍ക്കും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും മാത്രമാണ് നിരോധനമെന്നും അതോറിറ്റി പുറത്ത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛദിച്ച സാഹചര്യത്തില്‍ ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും പറക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയാണ് യുഎഇ മയപ്പെടുത്തിയത്.

ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന!് അല്‍താനി ഉപരോധത്തിനെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുണ്ട്. ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അല്‍താനി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിനെതിരായ ഊരുവിലക്ക് മയപ്പെടുത്തണമെന്ന് ബ്രിട്ടനും ജര്‍മനിയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിയോടും മറ്റു ഗള്‍ഫ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തും തുര്‍ക്കിയും ഇപ്പോഴും സജീവമായി മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിനാല്‍ ഗള്‍ഫ് മേഖലയില്‍ അധികം വൈകാതെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.