1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2017

സ്വന്തം ലേഖകന്‍: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലും ലണ്ടനിലും ഇസ്താബൂളിലും പ്രകടനം, ഇപ്പോള്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒന്നും മിണ്ടാത്തത് എന്താണെന്ന് ഖത്തര്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ ഖത്തര്‍ എംബസിക്ക് മുമ്പില്‍ പ്രകടനക്കാര്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി.

ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും ഖത്തറിന് മേലുള്ള കര, സമുദ്ര, വ്യോമ യാത്രാവിലക്കുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഖത്തര്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. ഉപരോധം അമ്മമാരേയും മക്കളേയുമെല്ലാം വേര്‍പിരിക്കുന്നതായും മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഖത്തറിനെ പിന്തുണച്ച് ലോകരാജ്യങ്ങളില്‍ പ്രകടനം ശക്തമായത്.

ലണ്ടനിലെ യു.എ.ഇ.എംബസിക്ക് മുമ്പിലായിരുന്നു കഴിഞ്ഞദിവസം ഖത്തറിനെ പിന്തുണക്കുന്നവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ കാമ്പെയ്ന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസാണ് പ്രകടനം സംഘടിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലും ഖത്തറിനെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ്ടാഗുകളും ട്വീറ്റുകളും ശക്തമാകുകയാണ്.

അതേസമയം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഇതുവരെയും ആവശ്യങ്ങളൊന്നും മുന്നോട്ടു വച്ചിട്ടില്ലെന്നു ഖത്തര്‍ വ്യക്തമാക്കി. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഉപരോധമേര്‍പ്പെടുത്തിയവര്‍ക്ക് പിന്തുണ നേടാനാകുന്നില്ലെന്നും വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ഖത്തര്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അയല്‍ രാജ്യങ്ങള്‍ മിണ്ടുന്നില്ല.

മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്ന കുവൈത്ത് ഭരണകൂടം ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുവരെയും ആവശ്യങ്ങളുടെ പട്ടിക ലഭിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. എന്നാല്‍ ഭീകരതയ്ക്ക് സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഖത്തറിന് കൃത്യമായ സന്ദേശം നല്‍കുകയാണുണ്ടായതെന്നു സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ലണ്ടനില്‍ പറഞ്ഞു.

അതിനിടെ വ്യോമ ഉപരോധത്തിനെതിരെ യൂട്യൂബിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ട പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതിര്‍ത്തികള്‍ക്കും മുന്‍വിധികള്‍ക്കും അപ്പുറത്തേക്കു സഞ്ചരിക്കുന്നതാണ് യാത്രയെന്ന് ‘ആകാശത്തിന് അതിരുകളില്ല, ചക്രവാളങ്ങളേയുള്ളൂ’ എന്ന പരസ്യം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.