1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2017

സ്വന്തം ലേഖകന്‍: വിദേശത്തുള്ള സൈനികരെ ഖത്തര്‍ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു, ഗള്‍ഫ് മേഖലയില്‍ യുദ്ധ കാഹളമെന്ന് ആശങ്ക പടരുന്നു, ഖത്തര്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്ന് യുഎഇ. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലും എരിത്രിയയിലും സമാധാന ദൗത്യത്തിന് അയച്ചിരുന്ന ഖത്തറിന്റെ സൈനികരെ നാട്ടിലേക്ക് തിരിച്ചു വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നില്‍ എന്നതിന് ഖത്തര്‍ വിശദീകരണം നല്‍കിയിട്ടില്ല. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്റെ നടപടി ദുരൂഹമായാണ് അയല്‍രാജ്യങ്ങള്‍ കാണുന്നത്.

എന്നാല്‍ ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ സൈനികമായ ഏറ്റുമുട്ടലിലേക്ക് എത്തിയിട്ടില്ലെന്നും സൈനികമായ പരിഹാരം തങ്ങള്‍ പരിഗണിക്കുന്നില്ലെന്നുമാണ് യുഎഇ വ്യക്തമാക്കിയത്.സൗദിയുടെയും യുഎഇയുടെയും സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ സൈന്യം വളരെ ചെറുതാണ്.

സൗദി അതിര്‍ത്തിയില്‍ ഖത്തര്‍ സൈന്യം സുരക്ഷ ശക്തമാക്കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് പതിവ് നടപടി മാത്രമാണെന്നായിരുന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. എരിത്രിയയുടെയും ജിബൂത്തിയുടെയും അതിര്‍ത്തിയിലെ മലയോര മേഖല നിയന്ത്രിക്കുന്നത് ഖത്തര്‍ സൈന്യമാണ്.

ഈ മേഖലയില്‍ 450 സൈനികരാണ് ഖത്തറിനുള്ളത്. ഇവരെയാണ് ഇപ്പോള്‍ തിരിച്ചു നാട്ടിലേക്ക് വിളിച്ചിരിക്കുന്നത്. അതേസമയം, സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തര്‍ ബന്ധം അവസാനിപ്പിച്ചപ്പോള്‍ എരിത്രിയയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതാണ് സൈനികരെ മടക്കി വിളിക്കാനുള്ള കാരണമെന്നും അഭ്യൂഹമുണ്ട്.

അതിനിടെ ഖത്തറിലേയ്ക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയോട് യുഎഇ. അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫലി ഒത്താത്ബ ആവശ്യപ്പെട്ടു. നേരത്തേ സൗദിയ്ക്ക് പുറമേ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങളിലെ വിമാനക്കമ്പനികളും ഖത്തറിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിയിരുന്നു.

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തുന്ന മട്ടില്ലെ. വിട്ടുവീഴ്ചകള്‍ക്ക് ഇരുപക്ഷവും തയ്യാറല്ല എന്നതാണ് പ്രധാന കാരണം. ഖത്തറിനോടുള്ള നിലപാട് മയപ്പെടുത്താല്‍ ജര്‍മനിയും ബ്രിട്ടനും ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും തുര്‍ക്കിയും കുവൈത്തും പാകിസ്താനും മധ്യസ്ഥ ശ്രമങ്ങളുമായി ഇറങ്ങിയിട്ടും പ്രശ്‌നം ഇപ്പോഴും പുകയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.