1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയില്‍ മധ്യസ്ഥതയ്ക്ക് എത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വെറും കൈയ്യുമായി മടങ്ങി, പരിഹാരം അകലെ. ഖത്തറിനെതിരേ സൗദിയും സഖ്യരാഷ്ട്രങ്ങളും ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന് ഇതോടെ ഉറപ്പായി. പരിഹാരത്തിന് വേണ്ടി അമേരിക്ക മുന്‍കൈയെടുത്ത് നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റിയാദിലെത്തിയാണ് സൗദി സഖ്യവുമായി ചര്‍ച്ച നടത്തിയത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായിട്ടായിരുന്നു ചര്‍ച്ച. അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സൗദി സഖ്യം അംഗീകരിച്ചില്ല. സൗദിയും ഖത്തറും അമേരിക്കയുടെ ഉറ്റ രാഷ്ട്രങ്ങളാണ്. ഇവര്‍ ഉടക്കി നില്‍ക്കുന്നത് അമേരിക്കയുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകും എന്നു കണ്ടാണ് വിദേശകാര്യ സെക്രട്ടറി സമാധാന ശ്രമങ്ങള്‍ നടത്തുന്നത്.

പ്രശ്‌നപരിഹാരത്തിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ടില്ലേഴ്‌സണ്‍ കഴിഞ്ഞദിവസം റിയാദിലെത്തിയത്. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് അറബ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായിട്ടായിരുന്നു ചര്‍ച്ച. ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സൗദിയിലെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു.

ഖത്തറിലെത്തിയ ടില്ലേഴ്‌സണ്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. തീവ്രവാദികള്‍ക്ക് പണം എത്തുന്നത് തടയുമെന്ന കരാറാണ് ഒപ്പുവച്ചത്. ഇക്കാര്യം ടില്ലേഴ്‌സണ്‍ സൗദി സഖ്യത്തെ അറിയിച്ചു. ശക്തമായ കരാറാണ് ഖത്തറും അമേരിക്കയും തമ്മിലുണ്ടാക്കിയിരിക്കുന്നതെന്നും ഈ പശ്ചാത്തലത്തില്‍ കരാര്‍ വിശ്വസിച്ച് സൗദി സഖ്യം ഉപരോധം അവസാനിപ്പിക്കണമെന്ന് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉപരോധം അവസാനിപ്പിക്കാന്‍ മതിയായ കരാറല്ല ഇതെന്ന് സൗദി സഖ്യം പ്രതികരിച്ചു.

ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു, ഇറാനുമായി ബന്ധം ശക്തമാണ് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. തങ്ങളുടെ സമ്മര്‍ദ്ദം ഫലം കണ്ടു എന്ന സൂചനയാണ് അമേരിക്കഖത്തര്‍ കരാറെന്നും നാല് രാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ കരാര്‍ ഉപരോധം പിന്‍വലിക്കാന്‍ മതിയാകില്ല. കാരണം ഖത്തറിന്റെ നടപടികള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തീവ്രവാദികള്‍ക്ക് പണം നല്‍കുന്നത് അവര്‍ അവസാനിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ പുനരാലോചന നടത്തൂവെന്നും സൗദിയും സഖ്യ രാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.