1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കന്‍ ആറ് പുതിയ നിബന്ധനകളുമായി സൗദിയും സഖ്യവും, പ്രശ്‌ന പരിഹാരത്തിന് വഴി തെളിയുന്നു. നേരത്തേ ഖത്തറിന് മുന്നില്‍വെച്ച 13 ഇന ആവശ്യങ്ങള്‍ക്ക് പകരമായാണ് ആറ് പുതിയ നിബന്ധനകള്‍ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതോടെ ഒന്നരമാസം പിന്നിട്ട പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാധ്യത വര്‍ധിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെ കുവൈത്തിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് നാലു രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഈ ആറു നിബന്ധനകള്‍ അനുസരിക്കാതെ ഖത്തറിന് മുന്നോട്ടു പോകാനാവില്ലെന്ന് യുഎന്നിലെ സൗദി പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ അഞ്ചിന് കൈറോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ആറു നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നതെന്ന് സൗദിയുടെ യു.എന്‍ അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമി പറഞ്ഞു.

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നിലപാട് സ്വീകരിക്കുക, അത്തരം സംഘങ്ങള്‍ക്ക് ധനസഹായവും സുരക്ഷിത താവളവും നല്‍കുന്നത് ഒഴിവാക്കുക, വിദ്വേഷ പ്രചാരണവും അക്രമങ്ങള്‍ക്കുള്ള പ്രോത്സാഹനവും അവസാനിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് നിബന്ധനകള്‍. ഇത് നടപ്പാക്കലും നിരീക്ഷണവും നിര്‍ബന്ധമാണ്. അതിനായി ചര്‍ച്ചകള്‍ ആകാം. ഇവ അംഗീകരിക്കാന്‍ ഖത്തറിന് താരതമ്യേന എളുപ്പമായിരിക്കുമെന്നും മുഅല്ലിമി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അഞ്ചിനാണ് ഭീകരബന്ധം ആരോപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നാലു രാജ്യങ്ങള്‍ ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുകയും ഖത്തറിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. തുടര്‍ന്ന് കുവൈത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാര ശ്രമം ആരംഭിച്ചു. എന്നാല്‍, നിസ്സഹകരണം പ്രഖ്യാപിച്ച സഖ്യരാജ്യങ്ങള്‍ ജൂണ്‍ 23ന് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുടെ പട്ടിക ഖത്തറിന് കൈമാറി. ഇത് അംഗീകരിക്കാന്‍ ഖത്തര്‍ വിസമ്മതിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.