1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ഖത്തര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ചാണ് സൗദിയുടെ പിന്‍മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും കഴിഞ്ഞ ദിവസം ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രതിസന്ധി ഉടലെടുത്തശേഷം ആദ്യമായാണ് ഖത്തറിലെയും സൗദിയിലെയും നേതാക്കള്‍ പരസ്പരം സംസാരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച വൈകീട്ട് ഖത്തര്‍ അമീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും ഫോണില്‍ ബന്ധപ്പെട്ടത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ തുടക്കം മുതല്‍ മധ്യസ്ഥശ്രമവുമായി മുന്നിലുള്ള കുവൈത്ത് അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഫോണ്‍ സംഭാഷണം.

സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ട് വച്ച 13 ഉപാധികളില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഈ സംഭാഷണത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സൗദി അറേബ്യയാണ് ചര്‍ച്ചകള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചതെന്ന തരത്തില്‍ ഖത്തരി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് സൗദിയെ പ്രകോപിച്ചത്. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.