1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015

സ്വന്തം ലേഖകന്‍: ഖത്തറില്‍ റസ്റ്റോറന്റില്‍ അപകടത്തില്‍ മരിച്ച മൂന്നു മലയാളികള്‍ക്ക് ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം നഷ്ടപരിഹാരം. മൂന്നു മലയാളികള്‍ ഉള്‍പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം ദയാധനം നല്കാന്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ കീഴ്‌കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നു ഗറാഫയിലെ ഇസ്താംബൂള്‍ റെസ്‌റ്റോറന്റില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച പതിനൊന്നു പേര്‍ക്കും ഒരുലക്ഷം ഖത്തര്‍ റിയാല്‍ വീതം ദയാധനമായി നല്കാനാണ് കീഴ്‌കോടതി ഉത്തരവിട്ടത്. കേസിലെ ആദ്യ രണ്ടു പ്രതികളായ ഈജിപ്ഷ്യന്‍ സ്വദേശിയും ഇന്ത്യക്കാരനും അറുപതിനായിരം ഖത്തര്‍ റിയാല്‍ വീതവും മൂന്നും നാലും പ്രതികള്‍ നാല്പതിനായിരം റിയാല്‍ വീതവുമാണ് ദയാധനമായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‌കേണ്ടത്.

റസ്‌റ്റോറന്റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഗ്യാസ് വിതരണം ചെയ്ത വുഖൂദിലെ ജീവനക്കാരനായ ഇന്ത്യക്കാരന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. അറ്റകുറ്റപ്പണികള്‍ക്കു ശേഷം യാതൊരു പരിശോധനയും കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഈജിപ്ഷ്യന്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്.

ദയാധനത്തിന് പുറമേ ആദ്യ നാല് പ്രതികളും അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. 2012 ല്‍ വില്ലാജിയോമാള്‍ തീപിടുത്തത്തില്‍ 19പേര്‍ കൊല്ലപ്പെട്ടതിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. റെസ്‌റ്റൊറന്റിനു മുകളില്‍ മേല്‍ക്കൂരയില്‍ പ്രത്യേകം ക്രമീകരിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.