1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2018

സ്വന്തം ലേഖകന്‍: ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം. വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു.

ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത മേഖലകളില്‍ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന റജിസ്‌ട്രേഷന്‍ വകുപ്പിന്റെ കരടുനിര്‍ദേശത്തിനു പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിദേശികള്‍ വാങ്ങുന്ന ഭൂമിയുടെ വില ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുന്നതിനും റജിസ്‌ട്രേഷന്‍ അടക്കം അനുബന്ധ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രണ സമിതി രൂപീകരിക്കാനുള്ള നീതീന്യായ മന്ത്രാലയ നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. നീതീന്യായ മന്ത്രാലയ പ്രതിനിധിയായിരിക്കും സമിതിയുടെ തലവന്‍.

വിദേശികള്‍ക്കു ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനാവുന്ന മേഖലകള്‍ നിശ്ചയിക്കുക സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. വിദേശി ഉടമസ്ഥാവകാശം സംബന്ധിച്ച വ്യവസ്ഥകള്‍ രൂപീകരിക്കുക, റിയല്‍ എസ്‌റ്റേറ്റ് സംരംഭകര്‍ക്കു സര്‍ക്കാര്‍ ലഭ്യമാക്കേണ്ട സേവനങ്ങളും സാമ്പത്തികാനുകൂല്യങ്ങളും സംബന്ധിച്ച ശുപാര്‍ശ നല്‍കുക, റജിസ്‌ട്രേഷന്‍ ഫീസിലും മറ്റുകാര്യങ്ങളിലും അന്തിമതീരുമാനമെടുക്കുന്നതിനു മന്ത്രിസഭയ്ക്ക് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക, നിയമനടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടിയെടുക്കുക എന്നിവയെല്ലാം സമിതിയുടെ ഉത്തരവാദിത്വമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.