1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2017

സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ യുഎസും ഖത്തറും പുതിയ കരാറില്‍ ഒപ്പുവച്ചു, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവടെന്ന് സൂചന. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സനും ഖത്തര്‍ വിദേശമന്ത്രി ഷേക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ത്തനിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഈജിപ്ത്, ബഹറിന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായാണ് ടില്ലേര്‍സണ്‍ ദോഹയിലെത്തിയത്.

ഭീകരര്‍ക്കു ഖത്തര്‍ ധനസഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് സൗദി നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ 13 ഉപാധികള്‍ അംഗീകരിച്ചാല്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാമെന്നാണ് സൗദി സഖ്യത്തിന്റെ നിലപാട്. എന്നാല്‍ ഈ വാഗ്ദാനം ഖത്തര്‍ തള്ളിയിരുന്നു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായി കരാര്‍ ഒപ്പിട്ട ആദ്യ ഗള്‍ഫ് രാജ്യമാണ് ഖത്തറെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്ക് എതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളും കരാറില്‍ ഒപ്പിടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഭീകരരുടെ ധനസ്രോതസുകള്‍ അടയ്ക്കുന്നതിനു ലക്ഷ്യമിട്ടുള്ള കരാറില്‍ ഒപ്പിട്ട ഖത്തറിനെ ടില്ലേര്‍സണ്‍ പ്രശംസിച്ചു. മേയില്‍ സൗദിയിലെ റിയാദില്‍ നടന്ന ഉച്ചകോടിയില്‍ ഭീകരത ഭൂമുഖത്തുനിന്ന് തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറുമായി കരാറുണ്ടാക്കിയതെന്നു ടില്ലേര്‍സണ്‍ വ്യക്തമാക്കി. ഇന്നു സൗദിയിലെ ജിദ്ദയില്‍ എത്തുന്ന ടില്ലേര്‍സണ്‍ സൗദി, യുഎഇ, ബഹറിന്‍, ഈജിപ്ത് വിദേശകാര്യമന്ത്രിമാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.