1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഒത്തുതീർപ്പില്ല. കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ അല്ലെങ്കിൽ പ്രത്യേക വിഭാഗം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നേടാതെ അവ ഓടിക്കുക തുടങ്ങിയ നിശ്ചിത ഗതാഗത ലംഘനങ്ങളിൽ ഒത്തുതീർപ്പുകളോ വിട്ടുവീഴ്ചകളോ ഇല്ല.

കുറഞ്ഞത് 1 മാസം മുതൽ പരമാവധി 3 വർഷം വരെ തടവും 10,000 റിയാൽ മുതൽ പരമാവധി 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ ചുമത്തുക. ലംഘനം ആവർത്തിച്ചാൽ കുറഞ്ഞത് ഒരാഴ്ച മുതൽ പരമാവധി 3 ആഴ്ച വരെ തടവും 20,000 റിയാൽ മുതൽ പരമാവധി 50,000 റിയാൽ വരെ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ഗതാഗത ബോധവൽക്കരണ വിഭാഗം ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുല്ല അൽ ഖുവാരി പറഞ്ഞു. ഗതാഗത നിയമങ്ങളെക്കുറിച്ച് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച വെർച്വൽ ബോധവൽക്കരണ സെമിനാറിലാണ് ഗതാഗത ലംഘനങ്ങളിലെ ശിക്ഷാ നടപടികളെക്കുറിച്ച് വിശദീകരിച്ചത്.

ഗതാഗത സൈൻ ബോർഡുകൾ നശിപ്പിക്കുക, മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുക, ബോർഡിൽ എഴുതിയിരിക്കുന്ന വിവരങ്ങളിൽ കേടുപാടുകളോ മാറ്റങ്ങളോ വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഒത്തുതീർപ്പില്ല. ഇത്തരം കുറ്റങ്ങൾക്കും ഒരു മാസം മുതൽ പരമാവധി 3 വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ചുമത്തും. റജിസ്റ്റർ ചെയ്യാത്ത വാഹനം ഓടിക്കൽ, വാഹനത്തിന്റെ പെർമിറ്റ് പുതുക്കാതെ ഓടിക്കുക തുടങ്ങിയ ലംഘനങ്ങളിൽ ഒത്തുതീർപ്പ് സാധ്യമാണ്.

പരമാവധി 1,500 മുതൽ 3,000 റിയാൽ വരെയാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തുക. എതിർവശത്തേക്ക് വാഹനം ഓടിച്ചാൽ 6,000 റിയാൽ ആണ് പിഴ. ട്രക്കുകളും ട്രെയിലറുകളും സെമി-ട്രെയിലറുകളും വലതുവശത്തു കൂടി ഓടിക്കാതിരിക്കുകയോ മറ്റു വാഹനങ്ങളെ മറികടക്കുകയോ ചെയ്താൽ 3,000 റിയാൽ പിഴ നൽകേണ്ടി വരും.

അസാധാരണമായ വേഗത്തിൽ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വാഹനം ഓടിച്ചാൽ 300 റിയാൽ, അനുവദനീയമല്ലാത്ത പാതകളിലൂടെ ടിപ്പറുകൾ, ബുൾഡോസറുകൾ എന്നിവ ഓടിച്ചാൽ 3,000 റിയാൽ, മുൻകരുതൽ പാലിക്കാതെ കാൽനടയാത്രക്കാർ റോഡ് കുറുകെ കടന്നാൽ 200 റിയാൽ എന്നിങ്ങനെയാണ് പിഴ ചുമത്തുക.

മുൻകരുതൽ പാലിച്ച് ജാഗ്രതയോടെ കാൽനടയാത്രക്കാരൻ ഇന്റർസെക്ഷനിൽ റോഡ് കുറുകെ കടക്കുമ്പോൾ വാഹനം മുൻപോട്ടു എടുക്കുകയോ അല്ലെങ്കിൽ ഗതാഗതം തടസ്സപ്പെടുത്തുകയോ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ ചെയ്താൽ ഡ്രൈവർ 500 റിയാൽ പിഴ നൽകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.