1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അധിക്ഷേപം, സിഖുകാരനായ ടാക്‌സി ഡ്രൈവറുടെ തലപ്പാവ് വലിച്ചഴിച്ചു. പഞ്ചാബില്‍ നിന്നുള്ള ഹര്‍കിര്‍ദ് സിങ് (25) എന്ന ടാക്‌സി ഡ്രൈവറുടെ തലപ്പാവാണ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയും വലിച്ചഴിക്കുകയും ചെയ്തത്. ഹര്‍കിര്‍ദിനെ മദ്യപിച്ച് ലക്കുകെട്ട അക്രമികള്‍ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് അക്രമിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെയാണ് സംഭവം. 20 വയസ് വീതം പ്രായമുള്ള മൂന്ന് യുവാക്കളും ഒരു യുവതിയുമാണ് മാഡിസണ്‍ സ്‌ക്വയറില്‍ നിന്നും കാറില്‍ കയറിയത്. ലക്ഷ്യസ്ഥാനമായ ബ്രോണക്‌സില്‍ എത്തിയപ്പോല്‍ തെറ്റായ സ്ഥലത്താണ് എത്തിച്ചതെന്ന് പറഞ്ഞ് പരാതിപ്പെടുവാന്‍ തുടങ്ങി. മദ്യപിച്ച് ലക്ക്‌കെട്ട് ഇവര്‍ ശരിയായ രീതിയില്‍ മറുപടി പറയുവാന്‍ തയ്യാറിയിരുന്നില്ല. പിന്നീട് ഇവര്‍ അധിക്ഷേപം തുടങ്ങുകയും ആക്രമിക്കുകയുമായിരുന്നു.

പണം നല്‍കിയ ശേഷം മറ്റൊരു കാര്‍ തേടുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി പണം നല്‍കിയെങ്കിലും മറ്റുള്ളവര്‍ സിങ്ങിന്റെ കൈപിടിച്ച് തിരിക്കുകയും തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഒരാള്‍ള്‍ ഫോണ്‍ ബലമായി വാങ്ങി നിലത്തെറിഞ്ഞതായും സിങ്ങ് പറഞ്ഞു. അക്രമം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് വര്‍ഷം മുമ്പാണ് സിങ് അമേരിക്കയില്‍ എത്തിയത്. ‘ഞാനാകെ ഭയപ്പാടിലാണ്, എനിക്ക് ജോലി ചെയ്യുവാന്‍ കഴിയുന്നില്ല’ ന്യൂയോര്‍ത്ത് ഡെയ്‌ലി ന്യൂസിനോട് സിങ് പറഞ്ഞു. ഇത് വംശീയപരമായ ആക്ഷേപമാണ്. എന്റെ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. ഭയാനകമാണ് ഈ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ ബില്‍ ഡി ബ്ലാസിയോ ട്വിറ്ററിലൂടെ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു.

സിങ്ങിനെ സ്വാഗതം ചെയ്യുന്നതായും പോലീസില്‍ അറിയിച്ചത് ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സിഖ് വംശജര്‍ക്കു നേരെയുള്ള വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ വി.ആര്‍. സിഖ്‌സ് എന്ന പേരില്‍ വിപുലമായ കാമ്പയിന്‍ ഏതാനും ദിവസം മുമ്പ് തുടങ്ങിയിരുന്നു. അമേരിക്കയിലെ 90 ശതമാനം സിഖുകാരും വംശീയാധിക്ഷേപത്തിന് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കാമ്പയിന്‍ ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.