1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2019

സ്വന്തം ലേഖകന്‍: പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസിനെക്കുറിച്ച് നടന്‍ രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്.

‘ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകള്‍ക്ക് ഷൂട്ട് ചെയ്യാം. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്നതായിരുന്നു രാധാ രവിയുടെ അടുത്ത പരാമര്‍ശം. ‘ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.’

പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്‌ക്കെതിരേയായിരുന്നു രാധാ രവിയുടെ അടുത്ത ആക്രമണം. നയന്‍താരയെ സൂപ്പര്‍താരങ്ങളാണ രജനികാന്ത് എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്.

അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം,’ രാധാ രവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.