1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2016

സ്വന്തം ലേഖകന്‍: ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇന്ത്യന്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍ രാധികാ മേനോന് ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിത. ബംഗാള്‍ ഉള്‍ക്കടലില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സബന്ധന ബോട്ടില്‍നിന്ന് ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതാണ് രാധികാ മേനോനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ മര്‍ച്ചന്റ് നേവി വനിതാ ക്യാപ്റ്റന്‍ കൂടിയാണ് മലയാളിയായ രാധികാ മേനോന്‍.

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും അവര്‍ കരസ്ഥമാക്കി. കഴിഞ്ഞദിവസം ഐഎംഒ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ രാധിക പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു സമുദ്രസഞ്ചാരിയുടെ കടമയാണു താന്‍ നിര്‍വഹിച്ചതെന്നും തനിക്കും ടീമിനും ലഭിച്ച വലിയ ബഹുമതിയാണിതെന്നും അവാര്‍ഡ് സ്വീകരിച്ച് അവര്‍ പറഞ്ഞു.

അവാര്‍ഡിനായി ഭാരത സര്‍ക്കാരാണ് രാധികയുടെ പേര് ശിപാര്‍ശ ചെയ്തത്. സ്വന്തം ജീവന്‍പോലും അവഗണിച്ച് ആപത്ഘട്ടങ്ങളില്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സമുദ്ര സഞ്ചാരികള്‍ക്കാണ് എല്ലാ വര്‍ഷവും ഐഎംഒ ധീരതാ പുരസ്‌കാരം നല്കിവരുന്നത്.

പ്രക്ഷുബ്ധമായ കടലില്‍ യന്ത്രത്തകരാറിലായ മത്സ്യബന്ധന ബോട്ട് ദുര്‍ഗാമ്മയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കഴിഞ്ഞിരുന്ന തൊഴിലാളികളെയാണ് 2015 ജൂണില്‍ രാധികയുടെ നേതൃത്വത്തിലുള്ള മര്‍ച്ചന്റ്‌നേവി സംഘം രക്ഷപ്പെടുത്തിയത്. രാധിക ക്യാപ്റ്റനായ ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സമ്പൂര്‍ണ സ്വരാജ് എന്ന കപ്പല്‍ ഒഡീഷ തീരത്തെ ഗോപാല്‍പുരില്‍നിന്ന് 2.5 കിലോമീറ്റര്‍ അകലെവച്ചാണ് മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്.

25 അടി ഉയരത്തില്‍ അഞ്ഞടിച്ച തിരയും 60 നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള കാറ്റും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. പൈലറ്റ് ലാഡറും ലൈഫ് ജാക്കറ്റും ബോയിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. 15 മുതല്‍ 50 വയസുള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഒമ്പത് അംഗരാജ്യങ്ങളില്‍നിന്നും ഒരു സംയുക്തരാജ്യാന്തര സംഘടനയില്‍നിന്നുമായി 23 പേരെയാണ് അവാര്‍ഡിനായി സമിതി പരിഗണിച്ചത്.

ഇതില്‍ നാലു പേര്‍ക്കു പ്രശസ്തി പത്രവും ആറു പേര്‍ക്കു പ്രശസ്തി കത്തും ലഭിച്ചു. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ദാമന്‍ കോസ്റ്റ്ഗാര്‍ഡ് എയര്‍‌സ്റ്റേഷനിലെ സിജി 822 ഹെലികോപ്റ്ററിന്റെ വിഞ്ച് ഓപ്പറേറ്റര്‍ ബി.എം. ദാസ്, ഡ്രൈവര്‍ ഉത്തം നായിക് എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. കടലില്‍ തകര്‍ന്നു മുങ്ങിയ ചരക്കുകപ്പല്‍ കോസ്റ്റല്‍ പ്രൈഡിലെ 14 നാവികരെയാണ് ഇവരുടെ നേതൃത്വത്തില്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.