1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കോടികളുകളുടെ അഴിമതി, മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് അമിത വില നല്‍കി യുദ്ധവിമാനങ്ങള്‍ വാങ്ങി പൊതുഖജനാവിന് നഷ്ടം വരുത്തി എന്നാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.

2012ല്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് 120 യുദ്ധവിമാനങ്ങള്‍ 90000 കോടി രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതിയില്‍ മാറ്റം വരുത്തി 60000 കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 950 കോടി രൂപയാണ് ഓരോ യുദ്ധവിമാനത്തിന്റെ ഇടപാടിലും നഷ്ടം വന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഈ പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡാകട്ടെ പദ്ധതിയില്‍ 30000 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഈ നിക്ഷേപത്തിന് അനുമതി നല്‍കിയതു ദുരൂഹമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിലയന്‍സ് പ്രതികരിച്ചു.

എന്നാല്‍ പ്രകടന മികവിന്റെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിലാണ് റഫാല്‍ വിമാനങ്ങള്‍ക്ക് വില നിര്‍ണയിച്ചിരിക്കുന്നതെന്നും തികച്ചും സുതാര്യമായ പ്രക്രിയകളിലൂടെയാണ് ഇന്ത്യയുമായുള്ള കരാറുമായി മുന്നോട്ട് പോയിരിക്കുന്നതെന്നും ദാസോള്‍ട്ട് ഏവിയേഷന്‍ വ്യക്തമാക്കി. ഇരട്ട എഞ്ചിനുള്ള വിവിധോദ്ദ്യേശ വിമാനങ്ങളാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍. യുദ്ധക്കപ്പലുകളെ നേരിടാനും അണുവായുധം വഹിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.