1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2019

സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ആവേശത്തില്‍ യു.ഡി.എഫ്; സംസ്ഥാനത്ത് രാഹുല്‍ തരംഗം തീര്‍ക്കാന്‍ കോണ്‍ഗ്രസ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരമായി വയനാട്. വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് യു.ഡി.എഫ്. ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രചരണത്തിനാണ് മണ്ഡലത്തിലുടനീളം എല്‍.ഡി.എഫ് ഉന്നയിക്കുന്നത്.

മണ്ഡലത്തിലുടനീളം രാഹുലിനെ സ്വാഗതം ചെയ്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഭൂരിപക്ഷത്തെ കുറിച്ചുള്ള അവകാശ വാദങ്ങളും ഇപ്പോഴെ തുടങ്ങി. നേതാക്കളാവട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മറ്റ് പ്രവര്‍ത്തന പരിപാടികളെ കുറിച്ചുള്ള ആലോചനകളിലാണ്. മറുപുറത്ത് രാഹുല്‍ കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ മത്സരിക്കുന്നത് മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് എല്‍.ഡി.എഫ് പ്രചരണം.

ബി.ജെ.പിയെന്ന മുഖ്യ എതിരാളിയില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റമാണെന്നും സി.പി.എം കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട്ടില്‍ പലയിടത്തും രാഹുലിന് എതിരെ എല്‍.ഡി.എഫ് പ്രകടനങ്ങള്‍ നടത്തി. രാഹുലിന്റെ വരവ് മറ്റ് മണ്ഡലങ്ങളിലും അലയൊലികള്‍ സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടല്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്താകെ രാഹുല്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും തയ്യാറെടുപ്പ് തുടങ്ങി.

രാഹുലിന്റെ റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയേക്കും. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണ അവസാനിക്കുന്ന ദിവസങ്ങളില്‍ രാഹുല്‍ കേരളത്തില്‍ ഉണ്ടാകുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.