1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2019

സ്വന്തം ലേഖകന്‍: ‘സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കും,’ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അലകളുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍; പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും പ്രഖ്യാപനം; രാഹുലിനെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍; ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.

സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത ലോക്‌സഭയിലും രാജ്യസഭയിലും പ്രവാസികളുടെ പ്രതിനിധികളുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത നഷ്ടപ്പെട്ട നാലുവര്‍ഷമാണ് ഇന്ത്യക്ക് കഴിഞ്ഞുപോയതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഒരാളുടെ ആശയം നടപ്പാക്കുന്ന ഇന്ത്യയല്ല എല്ലാവരുടെയും ആശയം പ്രതിഫലിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കണം.

മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രവാസികളാണ് ഇന്ത്യയെ ഇന്നത്തെ നിലയിലെത്തിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും പ്രവാസികളുടെ പ്രതിനിധികളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ചിലരുടെ സ്വപ്നം പോലെ ബി.ജെ.പി മുക്ത ഭാരതം തങ്ങളുടെ ലക്ഷ്യമല്ല. എല്ലാത്തിനുപരി ഇന്ത്യക്കാരന്‍ എന്നതില്‍ അഭിമാനിക്കുന്ന സമൂഹമാണ് ലക്ഷ്യം. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന അടുത്ത നിമിഷം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. മുപ്പതിനായിരത്തിലേറെ പേരാണ് രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ സ്റ്റേഡിയത്തിലെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ സംസാരിച്ചു.

ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞുയ രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മന്‍ കി ബാത്തിനെ പരിഹസിക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജബര്‍ അലി ലേബര്‍ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പത്‌നിയും നല്‍കിയത്. സബീല്‍ കൊട്ടാരത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ട രാഹുല്‍ ശൈഖ് മുഹമ്മദിന്റെ വിനയത്തെയും അദ്ദേഹത്തിന്റെ സഹിഷ്ണുതയെയും അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.