1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ വ്യാപക പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് തൊഴില്‍ മന്ത്രാലയം. ആയിരക്കണക്കിന് വിദേശികളായ സ്ത്രീ തൊഴിലാളികളാണ് ലേഡീസ് ഷോപ്പുകളില്‍ ജോലി ചെയ്യുന്നത്.

ഈ ലേഡീസ് ഷോപ്പുകളാകട്ടെ അധികവും പ്രവര്‍ത്തിക്കുന്നത് തുറസായ കമ്പോളങ്ങളില്‍ താത്ക്കാലിക കെട്ടിടങ്ങളിലാണ്. ലൈസന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ അനധികൃത താമസക്കാരും തൊഴില്‍ ചൂഷണവും ഇത്തരം ഷോപ്പുകളില്‍ പതിവാണു താനും.

സൗദി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മൂന്നാം ഘട്ട വനിതാവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പുകളില്‍ പരിശോധന നടത്തുന്നതെന്ന് തൊഴില്‍ മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല അല്‍ ഉലയ്യാന്‍ അറിയിച്ചു.

ഇത്തരം ഷോപ്പുകളില്‍ താത്ക്കാലിക ജോലിക്കാരായി ജോലി ചെയ്യുന്ന അനധികൃത താമസക്കാരെ പിടി കൂടുന്നതിനു പുറമേ നിക്ഷേപകരെ സംരക്ഷിക്കുക കൂടിയാണു പരിശോധനകളുടെ ഉദ്ദേശമെന്ന് അബ്ദുല്ല അല്‍ ഉലയ്യന്‍ വ്യക്തമാക്കി.

ജിദ്ദയില്‍ മാത്രം ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ് നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ പൂട്ടിച്ചത്. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ വനിതാ ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ടാകും.

പരിശോധനകള്‍ വരും നാളുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ , നിര്‍മ്മാണത്തിലിരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.