1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; 41,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു; 200 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ തെക്കന്‍മധ്യ ജില്ലകളിലാണ് ജനജീവിതം കൂടുതല്‍ ദുസഹമായത്. ആലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയില്‍ രണ്ടുപേര്‍കൂടി മുങ്ങിമരിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കോന്നി അട്ടച്ചാക്കലിലും പമ്പയിലും ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചില്‍. മഴ ശക്തമാകാന്‍ തുടങ്ങിയ മേയ് 29നുശേഷം 87 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. 8863.9 ഹെക്ടറില്‍ കൃഷിനശിച്ചു. കനത്തമഴപെയ്ത തിങ്കളാഴ്ചമാത്രം 686.2 ഹെക്ടറിലെ കൃഷിനശിച്ചു. 310 വീടുകള്‍ പൂര്‍ണമായി നശിച്ചു. 8333 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് കിട്ടുന്ന ശക്തമായ കാലവര്‍ഷമാണ് ഇത്തവണത്തേത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്തു. മൂന്നാറാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഒന്പത് സെന്റീമീറ്റര്‍. തിങ്കാളാഴ്ച കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍ 23 സെന്റീമീറ്റര്‍ മഴ കിട്ടി.

കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത. ബുധനാഴ്ച 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മലയോരമേഖലയിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന മുന്നറിയിപ്പ് നീട്ടി. വിഴിഞ്ഞംമുതല്‍ കാസര്‍കോടുവരെ കേരളതീരത്തും ലക്ഷദ്വീപ് തീരത്തും 3.5 മീറ്റര്‍മുതല്‍ 4.9 മീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) അറിയിച്ചു.

എം.ജി. സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.