1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2018

സ്വന്തം ലേഖകന്‍: കേരളത്തെ മുക്കി പേമാരി തുടരുന്നു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍.

ഏഴു വയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഒന്‍പത് ഇഞ്ച് തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാന്‍ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.