1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കണ്ടിട്ടുള്ളത് കമല്‍ഹാസന്റെ 10% ദേഷ്യം മാത്രം, ഞാന്‍ 100% വും കണ്ടിട്ടുണ്ട്,’ കമല്‍ഹാസനെന്ന ദേഷ്യക്കാരനെപ്പറ്റി രജനീകാന്ത്. കമല്‍ഹാസന്റെ മുതിര്‍ന്ന സഹോദരന്‍ ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് സൂപ്പര്‍സ്റ്റാര്‍ ഉലകനായകന്റെ ദേഷ്യത്തെപ്പറ്റി വെളിപ്പെടുത്തിയത്.

തന്റെ ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദേഷ്യക്കാരനായ മനുഷ്യന്‍ കമലാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ചാരുവിനും ചന്ദ്രയ്ക്കും മാത്രമേ ദേഷ്യം വന്നാല്‍ കമലിനെ നിയന്ത്രിക്കാന്‍ സാധിക്കൂവെന്നും രജനീകാന്ത് പറഞ്ഞു.

വര്‍ഷങ്ങളായി സിനിമയുടെ വെളളി വെളിച്ചത്തില്‍ നില്‍ക്കുന്ന കമല്‍ഹാസന്റെ കൈയ്യില്‍ പണമില്ലെന്നും രജനീകാന്ത് പറഞ്ഞു. ഇന്നത്തെ തലമുറയിലുളള അഭിനേതാക്കളെ പോലെ കമല്‍ പണമുണ്ടാക്കുന്നതില്‍ അത്ര ശ്രദ്ധാലുവല്ല. കമലിന് ജീവിതത്തില്‍ എന്തെങ്കിലും സമ്പാദ്യം പണമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം സഹോദരന്‍ ചന്ദ്രഹാസനാണ്. ചന്ദ്ര ഇല്ലാതെ കമല്‍ എങ്ങനെ ഇനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കമലിന്റെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സഹോദരങ്ങളാണെന്ന് രജനീകാന്ത് കൂട്ടിചേര്‍ത്തു.

തന്റെ ജീവനായാണ് ഉലകനായകന്‍ കെ. ബാലചന്ദര്‍, അനന്തു, ചാരുഹാസന്‍, ചന്ദ്രഹാസന്‍ എന്നിവരെ കാണുന്നത്. എന്നാല്‍ അതില്‍ മൂന്ന് പേര്‍ കമലിനെ വിട്ടുപോയി. ചാരു അണ്ണന്റെ നിരവധി ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് തവണ മാത്രമേ ചന്ദ്രഹാസനെ കണ്ടിട്ടുളളൂ.രജനീകാന്തിന്റെ വാക്കുകള്‍.

ചന്ദ്രഹാസന് താന്‍ മകനെ പോലെയായിരുന്നുവെന്ന് കമല്‍ അനുസ്മരിച്ചു. ഓരോ വ്യക്തിയോടുമുളള അദ്ദേഹത്തിന്റെ സമീപനം തികഞ്ഞ ബഹുമാനത്തോടെയായിരുന്നു. വസ്ത്രങ്ങള്‍ അലക്കാനായി പോലും ഒരു സഹായിയെ വച്ചിരുന്നില്ലെന്നും കമല്‍ സഹോദരനെ അനുസ്മരിച്ചു. നന്നായി പാചകം ചെയ്യുന്ന ആളായിരുന്നു ചന്ദ്രഹാസനെന്നും കമല്‍ ഓര്‍ത്തെടുത്തു. സിനിമ ഉണ്ടാക്കലും പണമുണ്ടാക്കലും പഠിക്കാനായി രജനീകാന്തിനെ പോലുളള ഒരുപാട് സഹോദരങ്ങള്‍ തനിക്കുണ്ടെന്നും കമല്‍ പറഞ്ഞു.

ചന്ദ്രഹാസന്‍ സുഹൃത്തും അധ്യാപകനും പിതൃതുല്യനുമായിരുന്നു. എന്റെ ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കാരണമാണ്. അദ്ദഹം എനിക്കായി കണ്ട പല സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രഹാസന്റെ മരണശേഷം കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

മാര്‍ച്ച് 18നാണ് ചന്ദ്രഹാസന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനില്‍ വെച്ച് അന്തരിച്ചത്. അനുസ്മരണ ചടങ്ങില്‍ രജനീകാന്തിനെ കൂടാതെ സത്യരാജ്, നാസര്‍, വിശാല്‍, രവി കുമാര്‍, ഇളയരാജ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.