1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2019

സ്വന്തം ലേഖകന്‍: ‘പണമില്ലാതെ വലഞ്ഞ കാലത്ത് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി, പഠിപ്പിച്ചു; ഇന്ന് തലൈവര്‍ക്ക് വേണ്ടി ബാനറും പോസ്റ്ററും ഡിസൈന്‍ ചെയ്യുന്നു,’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി സൂപ്പര്‍താരം രജിനികാന്തിനെക്കുറിച്ചുള്ള യുവാവിന്റെ വാക്കുകള്‍. രജനികാന്തിന്റെ സഹായത്തോടെ പഠിച്ച ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

തന്നെയും തന്റെ കുടുംബത്തെയും ഇല്ലായ്മയുടെ കാലത്ത് സഹായിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും സ്‌നേഹിക്കുകയും ചെയ്ത തലൈവറോടുള്ള കടപ്പാട് വീട്ടാനായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും ഡിസൈന്‍ ചെയ്തു നല്‍കുകയാണ് മാധി എന്ന യുവാവ്. രജനീചിത്രങ്ങളുടെ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും വേണ്ടി തലൈവര്‍ ഫാന്‍സ് ക്ലബ്ബുകള്‍ ഈ ഡിസൈനറെയാണ് പലപ്പോഴും സമീപിക്കുന്നത്. ഏഷ്യാവില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനോടുള്ള സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കഥ മാധി പങ്കുവെച്ചത്.

‘വളരെ പാവപ്പെട്ടൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. രജനിസാറിന്റെ വീട്ടിലായിരുന്നു എന്റെ അമ്മയ്ക്ക് ജോലി. തലൈവറായിരുന്നു എന്റെ സ്‌കൂള്‍ ഫീസ് അടച്ചു കൊണ്ടിരുന്നത്. എന്റെ മുത്തശ്ശന്‍ ഒരു കോര്‍പ്പറേഷന്‍ ജോലിക്കാരനായിരുന്നു. രജനിസാറിന്റെയും ജയലളിത അമ്മയുടെയും വീടുകള്‍ സ്ഥിതിചെയ്യുന്ന പോയസ് ഗാര്‍ഡന്‍ ക്ലീന്‍ ചെയ്യാന്‍ സ്ഥിരമായി പോയിരുന്നത് അദ്ദേഹമായിരുന്നു. ഇടയ്‌ക്കൊക്കെ മുത്തശ്ശന്‍ രജനിസാറിന്റെ വീട്ടിലും ജോലി ചെയ്യാന്‍ എത്തും. വരാന്തയില്‍ പത്രം വായിച്ചുകൊണ്ട് തലൈവര്‍ എന്റെ മുത്തശ്ശനോട് സംസാരിക്കും.

എല്ലാ ദീപാവലി നാളിലും ഞങ്ങള്‍ സകുടുംബം രജനീസാറിന്റെ വീട്ടില്‍ പോവും.. അദ്ദേഹം ഞങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും തരും. മുത്തശ്ശനും അദ്ദേഹം വിശേഷാവസരങ്ങളില്‍ പണം നല്‍കുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം, അതില്‍ ഞങ്ങളും ഉണ്ടായിരുന്നു. ഒരു ബെന്‍സ് കാറില്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞാണ് അദ്ദേഹം എത്തിയത്.

തലൈവരെ കണ്ട കുറച്ചുപേര്‍ അദ്ദേഹത്തിന്റെ കാലില്‍ വീണു അനുഗ്രഹം വാങ്ങാന്‍ ശ്രമിച്ചു. പക്ഷേ തലൈവര്‍ എല്ലാവരെയും വിലക്കി, അത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞു. അദ്ദേഹത്തിന് ആളുകള്‍ കാലില്‍ വീഴുന്നത് ഇഷ്ടമല്ല. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ഞങ്ങളെ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിനൊപ്പം ഞങ്ങളോടും മുകളിലേക്ക് വരാന്‍ പറഞ്ഞു. കുറേ നേരമായോ നിങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എന്നൊക്കെ ചോദിച്ച് ഞങ്ങളോട് സംസാരിക്കുകയും മധുരം നല്‍കുകയും ചെയ്തു.

ഒരിക്കല്‍ എന്റെ കുടുംബം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നപ്പോള്‍ അവിടെ സാറില്ല. കാവല്‍ക്കാരന്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി കാത്തിരിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ വരുന്നുണ്ടെന്ന് എന്റെ മുത്തശ്ശനും ലത അമ്മയുമൊക്കെ പറഞ്ഞതും അയാള്‍ മുഖവിലയ്ക്ക് എടുത്തില്ല. ഒടുവില്‍ ലത അമ്മ ഞങ്ങളുടെ മുന്നില്‍വെച്ച് കാവല്‍ക്കാരനെ വഴക്കു പറഞ്ഞ്, ഞങ്ങളെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി. വളരെ സ്‌നേഹത്തോടെ ഞങ്ങളോട് സംസാരിച്ചു. നന്നായി പഠിക്കുന്നുണ്ടോ എന്നൊക്കെ തിരക്കി.

അദ്ദേഹം എന്റെ കുടുംബത്തോട് ചെയ്ത സഹായങ്ങള്‍ മറക്കാനോ ആ കടങ്ങള്‍ വീട്ടാനോ എനിക്ക് കഴിയില്ല. ഞങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ കാലത്തൊക്കെ അദ്ദേഹമായിരുന്നു ഞങ്ങളെ സഹായിച്ചത്. എനിക്ക് നല്ല വിദ്യാഭ്യാസം കിട്ടിയതുപോലും അദ്ദേഹം കാരണമാണ്. അതുകൊണ്ടു തന്നെ എന്നാലാവും വിധം ആ കടപ്പാട് വീട്ടാന്‍ ഞാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിനു വേണ്ടി പോസ്റ്ററുകളും ബാനറുകളും ഉണ്ടാക്കുന്നത് എനിക്ക് അഭിമാനവും സന്തോഷവും നല്‍കുന്നു,’ മാധി പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.