1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2018

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയി അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ജേക്കബ് സുമയ്ക്ക് പകരക്കാരന്‍; പുതിയ പ്രസിഡന്റായി സിറില്‍ റാമഫോസ. അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നു റാമഫോസ വ്യക്തമാക്കി. 

രാജിവച്ചൊഴിയാന്‍ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി) സുമയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ സുമ വഴങ്ങാത്തതിനെത്തുടര്‍ന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസാവുമെന്ന് ഉറപ്പായിരുന്നു.

ഈ സാഹചര്യം മനസിലാക്കിയ സുമ ബുധനാഴ്ച രാത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. എഎന്‍സി ഡിസംബറില്‍ തന്നെ റാമഫോസയെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സുമ രാജിവച്ചതിനെത്തുടര്‍ന്നു എഎന്‍സി റാമഫോസയെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ വോട്ടെടുപ്പു വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പു നടപടികള്‍ക്കു മേല്‍നോട്ടം വഹിച്ച ചീഫ് ജസ്റ്റീസ് മൊഗോംഗ് മൊഗോംഗ് റാമഫോസയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

1994ല്‍ എഎന്‍സി അധികാരത്തിലെത്തിയ നാള്‍ മുതല്‍ റാമഫോസയ്ക്ക് അധികാരക്കസേരയില്‍ നോട്ടമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. നെല്‍സണ്‍ മണ്ഡേല തന്നെ പിന്‍ഗാമിയായി പ്രഖ്യാപിക്കാത്തതില്‍ അദ്ദേഹം രോഷാകുലനായിരുന്നു. തുടര്‍ന്നു രാഷ്ട്രീയം വിട്ട് ബിസിനസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം സാധിച്ചു. ജനങ്ങളുടെ ദാസനായിരിക്കുമെന്നും സന്പദ്‌വ്യവസ്ഥ മെച്ചപ്പെടത്തുമെന്നും 65കാരനായ റാമഫോസ ഉറപ്പു നല്‍കി. തന്നെ പുറത്താക്കി റാമഫോസയെ അധികാരത്തിലേറ്റിയ എഎന്‍സി നടപടി ശരിയായില്ലെന്നു സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ സുമ പ്രതികരിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.