1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2016

സ്വന്തം ലേഖകന്‍: പച്ചില പെട്രോള്‍ തട്ടിപ്പ്, രാമര്‍ പിള്ളക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും. ചെടികളുടെ ഇലകളില്‍നിന്ന് പെട്രോള്‍ ഉണ്ടാക്കിയെന്ന അവകാശവാദം ഉന്നയിച്ച രാമര്‍ പിള്ളക്കും കൂട്ടാളികളായ ആര്‍. വേണുദേവി, എസ്. ചിന്നസാമി, ആര്‍. രാജശേഖരന്‍, എസ്.കെ. ഭരത് എന്നിവര്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്. ‘ഹെര്‍ബല്‍ പെട്രോള്‍’ എന്നപേരില്‍ രാമര്‍പിള്ളൈയും കൂട്ടരും വിറ്റഴിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു.

ഇതു ശരിവെച്ചുകൊണ്ടാണ് ചെന്നൈ എഗ്മൂറിലെ അഡീഷണല്‍ ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി രാമര്‍പിള്ളക്കും സംഘത്തിനും മൂന്നു വര്‍ഷം കഠിനതടവും ഓരോരുത്തര്‍ക്കും ആറായിരം രൂപ വീതം പിഴ വിധിച്ചത്. 1999 ലും 2000 ലുമായി വ്യാജ പെട്രോള്‍ വിറ്റഴിച്ച് രാമറും കൂട്ടരും 2.27 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് സി.ബി.ഐ. കേസ്.

ഈ കേസില്‍ 2000 മാര്‍ച്ച് പത്തിന് സി.ബി.ഐ. രാമറിനെയും സഹായികളെയും അറസ്റ്റുചെയ്തിരുന്നു. 1996 ലാണ് വിരുതുനഗര്‍ ജില്ലയിലെ രാജപാളയത്തുനിന്നുള്ള രാമര്‍ പിള്ള ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത രാമര്‍ പച്ചിലപെട്രോളുമായി രംഗപ്രവേശം ചെയ്തത് വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇലകളും വെള്ളവുമുപയോഗിച്ചാണ് താന്‍ പെട്രോളുണ്ടാക്കുന്നതെന്നായിരുന്നു രാമറിന്റെ അവകാശവാദം.

ഈ പെട്രോളുപയോഗിച്ച് വാഹനങ്ങള്‍ ഓടിച്ചുകാണിച്ചുകൊണ്ടാണ് രാമര്‍ ജനത്തെ കൈയിലെടുത്തത്. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെയും നിരവധി ശാസ്ത്രജ്ഞരുടെയും മുന്നില്‍ രാമര്‍ ഈ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയില്‍മാത്രം രാമറും കൂട്ടരും 11 വില്പനശാലകളാണ് ഈ പെട്രോള്‍ വിറ്റഴിക്കാനായി തുറന്നത്. ലിറ്ററിന് 15 രൂപ മുതല്‍ 20 രൂപ വരെയായിരുന്നു നിരക്ക്.

എന്നാല്‍, പിന്നീട് ഐ.ഐ.ടി. മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനകളില്‍ രാമറിന്റെ പെട്രോള്‍ മണ്ണെണ്ണയും ബെന്‍സീനും നാഫ്തയുമൊക്കെ കലര്‍ത്തിയുണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. രാമറിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.