1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2016

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ രമണ്‍ മാഗ്‌സസെ പുരസ്‌കാരം സംഗീതജ്ഞനായ ടി എം കൃഷ്ണക്കും സാമൂഹ്യപ്രവര്‍ത്തകനായ ബി വില്‍സണും. ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ രമണ്‍ മാഗ്‌സസെ അര്‍ഹരായവരില്‍ ഇന്ത്യയില്‍ നിന്ന് ടിഎം കൃഷ്ണയും ബി. വില്‍സണും ഉള്‍പ്പെടുന്നു.

1976ല്‍ ചെന്നൈയിലെ ബ്രഹ്മണ കുടുംബത്തില്‍ ജനിച്ച കൃഷ്ണ കര്‍ണാടക സംഗീത പരിപാടികളിലൂടെ മാത്രമല്ല, മതേതര നിലപാടുകളിലും ശ്രദ്ധേയനായി. സവര്‍ണ വിഭാഗത്തിന്റെ മാത്രം കുത്തകയായിരുന്ന കര്‍ണാടക സംഗീത വിജ്ഞാന മേഖലയെ ദളിതരിലും ബ്രഹ്മണ ഇതര സമൂഹത്തിനിടയിലേക്കും പ്രചരിപ്പിക്കുന്നതിലും കൃഷ്ണ വഹിച്ച പങ്ക് ചെറുതല്ല.

കലയില്‍ രാഷ്ട്രീയവും മതവിവേചനവുമാണ് കൃഷ്ണ ഏറ്റവുമധികം ചോദ്യം ചെയ്തത്. സ്വതന്ത്ര എഴുത്തുകാരന്‍, കലാകാരന്‍, പ്രാസംഗികന്‍, സമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന കൃഷ്ണ കര്‍ണാടക സംഗീതത്തെ കൂടുതല്‍ ജനകീയമാക്കിയ ആളാണ്.

ബംഗലൂരു നഗരത്തിലെ ശുചീകരണ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ബെസ്വാഡ വില്‍സനാണ് പുരസ്‌കാരത്തിന് അര്‍ഹനായ മറ്റൊരു ഇന്ത്യക്കാരന്‍. കര്‍ണാടകയില്‍ തോട്ടിപ്പണിക്കെതിരെ പ്രവര്‍ത്തിക്കുന്ന ബെസ്വാഡ സഫായി കര്‍മ്മചാരി ആന്ദോളന്‍ നേതാവ് കൂടിയാണ്.

കോലറിലെ ദളിത് കുടുംബത്തില്‍ ജനിച്ച വില്‍സണ്‍, തോട്ടിപ്പണിക്കായി ദളിതരെ നിയോഗിക്കുന്നതിലുള്ള വേദനയോടെയാണ് ബോധവത്കരണ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ഇത്തരം ഹീനപ്രവൃത്തി ഭരണഘടനയും നിയമംമൂലവും നിരോധിച്ചിരിക്കുന്ന രാജ്യത്ത് ഭരണകൂടം തന്നെ ഏറ്റവും വലിയ നിയമലംഘകരാകുകയാണെന്ന് വില്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 7,90,000 ഓളം പൊതു ശൗചാലയങ്ങളില്‍ നിന്ന് മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്നതിനായി 1,80,000 ഓളം തോട്ടികളാണ് ജോലി ചെയ്യുന്നത്. ദളിത് സമൂഹത്തില്‍പെടുന്ന ഇവരില്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഈ തൊഴിലിനായി നിയോഗിക്കപ്പെടുന്നതെന്നും വില്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ അന്തസ്സിന് നിരക്കാത്ത ജോലി അവസാനിപ്പിക്കുന്നതിനായി വില്‍സണ്‍ നടത്തിയ പോരാട്ടമാണ് മാഗ്‌സസെയ്ക്ക് അര്‍ഹനാക്കിയത്.

ജപ്പാന്‍ ഓവര്‍സീസ് കോപറേഷന്‍ വോളന്റീയേഴ്‌സ്, ഇന്തോനീഷയിലെ ചാരിറ്റി സംഘടനയായ ദോംപെറ്റ് ദൗഫ, ഫിലീപ്പീന്‍സില്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ പോരാടുന്ന കോണ്‍ചിത കാര്‍പിയോമോറലെസ്, ലാവോസില്‍ ഏതു ദുര്‍ഘടന സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സംഘടനയായ വിയന്റൈന്‍ റെസ്‌ക്യൂ എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.