1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2017

സ്വന്തം ലേഖകന്‍: ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി. കെ മധു സംവിധാനം ചെയ്യുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ; ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തിലെത്തുക. 1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും സാഹസിക പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ട്വിറ്ററിലൂടെ റാണ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബിഗ്ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. റോബിന്‍ തിരുമല തിരക്കഥയൊരുക്കുന്ന ചിത്രത്തിനായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമം.

മലയാളത്തില്‍ നിരവധി ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകനാണ് കെ മധു. ഇരുപതാം നൂറ്റാണ്ട്, സിബിഐ ഡയറിക്കുറുപ്പ്, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതാണ്. കായംകുളം കൊച്ചുണ്ണി, കുഞ്ഞാലി മരയ്ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഒരുങ്ങുന്ന മറ്റൊരു ചരിത്ര സിനിമയായിരിക്കും മാര്‍ത്താണ്ഡ വര്‍മ്മ. വിദേശികളോട് പടപൊരുതി വിജയിച്ച ഏഷ്യയിലെ ആദ്യ രാജാവിന്റെ സാഹസിക പോരാട്ടങ്ങളും കുളച്ചല്‍ യുദ്ധവും ചിത്രത്തില്‍ പ്രമേയമാകും.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. മറ്റ് താരങ്ങളെ വരും ദിവസങ്ങളില്‍ തീരുമാനിക്കും. വിവിധ ഭാഷകളില്‍ നിന്നായി മുന്‍നിര താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് എസ് രാജമൗലി ചിത്രമായ ബാഹുബലിയിലെ റാണയുടെ വില്ലന്‍ കഥാപാത്രം പല്‍വാര്‍ ദേവന്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരു പോലെ നേടിയെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.