1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2015

സ്വന്തം ലേഖകന്‍: രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷം ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ടെലിഫോണ്‍ ബില്‍ ഇനത്തില്‍ മാത്രം ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ. വിവരാവകാശ രേഖ പ്രകാരം 100 കോടിയോളം രൂപയാണ് രാഷ്ട്രപതിഭവനില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്.

ജോഗേശ്വരി സ്വദേശി മന്‍സൂര്‍ ദര്‍വേഷ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം രാഷ്ട്രപതിഭവന്റെ നടത്തിപ്പിനായി ചെലവഴിക്കപ്പെട്ട തുകയില്‍ 33 ശതമാനം വര്‍ധനയുണ്ടായി. 2012 13ല്‍ 30.96 കോടി രൂപയും 2013 14ല്‍ 38.70കോടി രൂപയും 2014 15ല്‍ 41.96 കോടി രൂപയുമാണ് ചെലവഴിച്ചത്.

രാഷ്ട്രപതിയുടെ കീഴിലെ ഒമ്പത് പ്രൈവറ്റ് സെക്രട്ടറിമാരെ കൂടാതെ 27 ഡ്രൈവര്‍മാരും 64 സഫായിവാലകളും എട്ട് ടെലിഫോണ്‍ ഓപറേറ്റര്‍മാരും രാഷ്ട്രപതിഭവനില്‍ ജോലി ചെയ്യുന്നുണ്ടെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ മെയില്‍ ഇവരുടെ ശമ്പളത്തിന് മാത്രമായി 1.52 കോടി രൂപ ചെലവിട്ടു. അതേ മാസം ടെലിഫോണ്‍ ബില്ലിനായി 5.06 ലക്ഷം രൂപയാണ് ചെലവായത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇത് യഥാക്രമം 5.06 ലക്ഷം, 4.25 ലക്ഷം എന്നിങ്ങനെയായിരുന്നു. രാഷ്ട്രപതിഭവനിലെ വി വി ഐ പി അതിഥികളുടെ ചെലവിലേക്കായി പ്രത്യേക അക്കൗണ്ട് നിലനിര്‍ത്തുന്നില്ലെന്നും രേഖയില്‍ പറയുന്നു. വാര്‍ഷിക ബജറ്റില്‍ സെക്രട്ടേറിയറ്റിന്റെ ഹൗസ് ഹോള്‍ഡ് വിഭാഗത്തിനായി നീക്കിവെക്കുന്ന ഫണ്ടിലാണ് ഈ ചെലവുകള്‍ ഉള്‍പ്പെടുന്നതെന്നും വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.

അതേസമയം, വൈദ്യുതി ബില്‍, സുരക്ഷാ ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവക്ക് മറുപടി ലഭിച്ചില്ലെന്ന് ദര്‍വേഷ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപര്യടനങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധികളുടെ വിവരങ്ങളും ഇത്തരം യാത്രകളില്‍ ചെലവഴിക്കപ്പെടുന്ന തുകയെയും കുറിച്ച് ദര്‍വേഷ് നല്‍കിയ വിവരാവകാശത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കാന്‍ വിസമ്മതിച്ചത് കഴിഞ്ഞ വര്‍ഷം ചര്‍ച്ചയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.