1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2016

സ്വന്തം ലേഖകന്‍: ബന്ധുനിയമന വിവാദം, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു, അന്തസുള്ള നീക്കമെന്ന് വിഎസ്. സംസ്ഥാന സര്‍ക്കാര്‍ ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് രാജി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്. ബന്ധു നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ജയരാജന്‍ ഒറ്റപ്പെട്ടിരുന്നു.

ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഇ.പി ജയരാജന്‍. ഇത് ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. 199196ലും 2011 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും എം.എല്‍.എ ആയിരുന്നു.

വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ഇ.പി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റ് ആണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജരാണ്.
തന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍ അഴിമതിക്കാരും രാഷ്ട്രീയ ശത്രുക്കളുമെന്ന് ഇ.പി ജയരാജന്‍. വ്യവസായ വകുപ്പിലെ അഴിമതിക്കെതിരെ താന്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇതില്‍ ചില ശക്തികള്‍ അസ്വസ്ഥരായിരുന്നു. ഇവര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കടന്നാക്രമിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്താന്‍ താന്‍ രാജിവച്ചതെന്ന് ഇ.പി പറഞ്ഞു.

ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെ അഭിനന്ദിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇ.പി രാജിവച്ചത് നല്ല കാര്യമാണെന്ന് പറഞ്ഞു. ജയരാജന്‍ അന്തസായി രാജിവച്ചു. ഇതിന് മുന്‍പുണ്ടായിരുന്നവര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് ജയരാജന്റേതെന്നും വി.എസ് പറഞ്ഞു. അനധികൃത നിയമനങ്ങള്‍ തടയാന്‍ ശിപാര്‍ശ നല്‍കും. വിജിലന്‍സിനെ കാര്യക്ഷമമാക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.