1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2017

സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസ് ഉന്നതര്‍ക്കിടയില്‍ പകര്‍ച്ച വ്യാധിയായി രാജി പടര്‍ന്നു പിടിക്കുന്നു, വിവാദങ്ങളില്‍ കഴുത്തറ്റം മുങ്ങി ട്രംപ് സര്‍ക്കാര്‍. ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ് വെറും എട്ടു മാസം പൂര്‍ത്തിയാക്കുമ്പോഴേക്കും വിവാദങ്ങളില്‍ പുകയുകയാണ് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസില്‍ ഉന്നതപദവിയിലുള്ളവര്‍ ഒന്നിനു പുറകെ ഒന്നായി പുറത്താകുന്നത് പതിവായതോടെയാണ് യുഎസ് ഭരണ സിരാകേന്ദ്രം വിവാദങ്ങളുടെ തേനീച്ചക്കൂടായത്. വൈറ്റ്ഹൗസിലെ മുതിര്‍ന്ന അഭിഭാഷക സാലി യേറ്റ്‌സ് ആണ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആദ്യം പുറത്താകുന്നത്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യു.എസിലേക്ക് വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയ അവസരത്തില്‍ നീതിന്യായ വകുപ്പ് ട്രംപിനെ ന്യായീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് അവരെ പുറത്താക്കിയത്. ശരിയുടെ പക്ഷത്തു നില്‍ക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമുള്ള നിയമ വ്യവസ്ഥയുടെ അന്തസ്സത്തക്ക് കോട്ടം വരുത്തുന്നതാണ് ഉത്തരവെന്ന് സാലി വിമര്‍ശനിച്ചിരുന്നു. തൊട്ടുപിന്നാലെ റഷ്യന്‍ ബന്ധം മൂലം ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്കിള്‍ ഫ്‌ലിന്നിന്റെ കസേര തെറിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്നതായിരുന്നു ഫ്‌ലിന്നിനെതിരായ ആരോപണം. അറ്റോണി ജനറലായിരുന്ന ജെഫ് സെഷന്‍സിന്റെ ഊഴമായിരുന്നു അടുത്തത്. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സമയത്തായിരുന്നു അത്. മേയ് ഒമ്പതിന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിയും അധികം വൈകാതെ പുറത്തേക്കുള്ള വഴിയിലായി. കഴിഞ്ഞ മേയില്‍ കാരണമൊന്നും സൂചിപ്പിക്കാതെ വൈറ്റ്ഹൗസ് വാര്‍ത്തവിനിമയ വിഭാഗം മേധാവിയായിരുന്ന മൈക് ഡ്യൂകും രാജിവെച്ചു.

ഡ്യൂക്കിനു പകരം ട്രംപിന്റെ ശിങ്കിടി ആന്റണി സ്‌കറാമൂച്ചിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറും രാജിവെച്ചു. രണ്ടു ദിവസത്തിനകം സ്‌കറാമൂച്ചിയുടെ ഇടപെടലിനെ തുടര്‍ന്ന് മുതിര്‍ന്ന പ്രസ് സെക്രട്ടറി മൈക്കിള്‍ ഷോര്‍ടിന് രാജി നല്‍കേണ്ടി വന്നു. തൊട്ടുപിന്നാല്‍ലെ വൈറ്റ് ഹൗസിലെ വിവരങ്ങള്‍ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന സ്‌കറാമൂച്ചിയുടെ ആരോപണത്തെ തുടര്‍ന്ന് ജൂലൈ 27 ന് റീന്‍സ് പ്രീബസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയില്‍ നിന്നിറങ്ങി. രസകരമായ കാര്യം ഒടുവില്‍ വിശ്വസ്തന്‍ എന്നറിയപ്പെട്ട സ്‌കറാമൂച്ചിയെയും ട്രംപ് പദവിയില്‍നിന്ന് തട്ടിയെന്നതാണ്.

വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്ന സ്റ്റീവ് ബാനന്റെ രാജിയാണ് ഇതില്‍ അവസാനത്തേത്. വിവാദമായ മുസ്ലീം വിലക്കുള്‍പ്പെടെ ഒട്ടേറെ കടുത്ത നടപടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് ബാനന്‍. കൂടാതെ ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിന് ചുക്കാന്‍ പിടിച്ചതും ബാനനായിരുന്നു. ബാനന്റെ രാജിയുടെ കാരണങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജിയെന്നാണ് സൂചനകള്‍. വൈറ്റ് ഹൗസ് ഇടനാഴികള്‍ അടുത്തതായി ഉരുളുന്ന തല ആരുടേതായിരിക്കുമെന്ന ഊഹക്കളിയാണ് ഇപ്പോള്‍ യുഎസ് മാധ്യമങ്ങളുടെ പ്രിയപ്പെട്ട വിനോദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.