1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2017

സ്വന്തം ലേഖകന്‍: വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം. ഒരു കാലത്ത് റെയ്മണ്ട് മാന്‍ എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടിരുന്ന ബിസിനസുകാരന്‍ ഇന്ന് വര്‍ണ പകിട്ടും പരിവാരങ്ങളും ഇല്ലാതെ വാടകവീട്ടിലാണ് താമസം. കോടികളുടെ ആസ്തിയുള്ള ബിസിനിസ് സ്വാംരാജ്യമുണ്ടായിരുന്ന സിംഘാനിയക്ക് ഇന്ന് സ്വന്തമായി ഒരു വാഹനം പോലുമില്ല.

ബിസിനസ് സാമ്രാജ്യം മകന് കൈമാറിയതോടുകൂടിയാണ് തന്റെ കഷ്ടകാലം തുടങ്ങിയതെന്ന് സിംഘാനിയ പറയുന്നു. ഇന്ന് മകന്‍ ഗൗതം സിംഘാനിയ ആണ് റെയ്മണ്ട് ലിമിറ്റഡും 36 നില കെട്ടിടവുമടക്കമുള്ള സര്‍വ സ്വത്തുക്കളും കൈവശം വച്ചിരിക്കുന്നത്. ജെ.കെ ഹൗസില്‍ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് സിംഘാനിയ അടുത്തിടെ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജെ.കെ ഹൗസില്‍ സിംഘാനിയക്ക് അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സൂക്ഷിച്ചിരുന്ന റെയ്മണ്ട് കമ്പനിയിലെ രണ്ട് തൊഴിലാളികളെ കാണാനില്ലെന്നും ഇതിന് പിന്നില്‍ മകനാണെന്നുമായിരുന്നു പരാതി. കുടുംബ സ്വത്തായ ജെ.കെ ഹൗസ് നവീകരിച്ച ശേഷം നിശ്ചിത ആളുകള്‍ക്ക് കണക്കു പ്രകാരം കൈമാറാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മകന്‍ ഗൗതമാണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്. ജെ.കെ ഹൗസില്‍ അവകാശവാദമുന്നയിച്ച് സിംഘാനിയുടെ സഹോദരിയും ഒരു സഹോദരനും കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

സിംഘാനിയുടെ സ്വത്തുക്കളെല്ലാം മകന്‍ ഗൗതം തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും രേഖകളെല്ലാം കൃത്രിമമായി നിര്‍മിച്ചാണ് സ്വത്തുക്കള്‍ കൈവശം വച്ചിരിക്കുന്നതെന്നും അഭിഭാഷകനായ ദിന്‍യാര്‍ മഡോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെ.കെ ഹൗസിലെ 27ഉം 28ഉം നിലകള്‍ വിട്ടുതരണമെന്നും മാസം ഏഴ് ലക്ഷം രൂപ ജീവനാംശം തരണമെന്നും ആവശ്യപ്പെട്ടാണ് സിംഘാനി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.