1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2017

സ്വന്തം ലേഖകന്‍: ‘പറക്കാന്‍ പേടിയുണ്ടോ?’ ‘ഇല്ല, പക്ഷേ കൂടെ പറക്കുന്നവര്‍ തുറിച്ചു നോക്കുന്നത് പേടിയാണ്,’ വംശവെറിക്കെതിരെ കിടിലന്‍ പരസ്യവുമായി റോയല്‍ ജോര്‍ദ്ദാന്‍ എയര്‍ലൈന്‍സ്. റോയല്‍ ജോര്‍ദ്ദാന്റെ ഈ പരസ്യം ലോകത്താകമാനം വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയെയും വംശീയ മുന്‍വിധികളേയും ഉന്നംവക്കുന്നു. വെളുത്ത യാത്രക്കാര്‍ നിറഞ്ഞ ഒരു വിമാനത്തില്‍, പല തരത്തില്‍ അവിശ്വാസം നിറഞ്ഞ നോട്ടങ്ങള്‍ തങ്ങള്‍ക്കുനേര്‍ക്ക് വരുന്നത് ഒരു കറുത്ത നിറമുള്ളയാളും ഒരു താടിക്കാരനായ മുസ്‌ലീമും വിശദീകരിക്കുകയാണ് പരസ്യത്തില്‍.

‘എനിക്ക് പറക്കാന്‍ പേടിയില്ല. അതിന്റെ ബുദ്ധിമുട്ടിനെ പേടിയില്ല. എനിക്ക് എത്തിപ്പെടാന്‍ താല്‍പര്യമില്ലാത്ത ഒരിടത്തേക്ക് പോകാന്‍ ആണ് എനിക്ക് പേടി. എല്ലാവരും വല്ലാത്ത രീതിയില്‍ തുറിച്ചുനോക്കുന്ന ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്നതിനെക്കുറിച്ചാണ് എനിക്ക് പേടി. ഞാനാരാണെന്ന് അവര്‍ക്കറിയില്ല. പക്ഷേ എന്നെ നോക്കുമ്പോള്‍ അവര്‍ കാണുന്നത് ഒരു നിറമോ, പേരോ, താടിയോ, ഒരു പുസ്തകമോ ആയിരിക്കും. ഞാന്‍ പറക്കാന്‍ പേടിക്കുന്നില്ല. പക്ഷേ എനിക്ക് ചുറ്റുമിരിക്കുന്നവര്‍ എന്നെ പേടിക്കുന്നു. പേടിച്ചവരാണ് വിവേചനം കാണിക്കുക. വിവേചനം അനുഭവിക്കുന്നവര്‍ കൂടുതല്‍ പേടിച്ചവരാണ്.’ കഥാപാത്രങ്ങള്‍ പറയുന്നു.

ട്രംപിന്റെ മുസ്ലീം വിലക്കിന്റെ സാഹചര്യത്തില്‍ ലോകമെങ്ങും വംശീയമായ മുന്‍വിധികളും ആക്രമങ്ങളും വര്‍ധിച്ചു വരുന്നതിനാല്‍ പരസ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. തങ്ങള്‍ മിക്കവരും ഒരിക്കലങ്കിലും താടിയുടേയോ വസ്ത്രത്തിന്റേയോ തൊലിയുടെ നിറത്തിന്റേയോ പേരില്‍ ഇത്തരമൊരു തുറിച്ചു നോട്ടം അനുഭവിച്ചവരാണെന്ന് പരസ്യം പങ്കുവക്കുന്നവര്‍ പറയുന്നു. ഇതിനകം പതിനായിരക്കണക്കിന് പേരാണ് പരസ്യം കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.