1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2012

തിരുവനന്തപുരം:വൈകീട്ടത്തെ പരിപാടിയില്ലാതെ മലയാളിക്ക് എന്ത് ആഘോഷം. പതിവുപോലെ കുടിച്ചുകൂത്താടി മലയാളി ഓണം ആഘോഷിച്ചു. ആഘോഷം സമാപിച്ചിട്ടില്ല. അതിനുംമുമ്പ് രണ്ടാം ഓണത്തിന്റെ വൈകുന്നേരംവരെ ലഭ്യമായ കണക്കനുസരിച്ച് ഈ ഓണത്തിന് മലയാളി വയറ്റിലാക്കിയത് 200 കോടിയുടെ മദ്യം. ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ മൂന്നുദിവസംകൊണ്ടാണ് 200 കോടിയുടെ കിക്ക്…..അത്തംമുതലുള്ള പത്തുദിവസത്തെ കണക്കെടുത്താല്‍ അത് 300 കോടി കവിയുമെന്ന് സൂചന. ഓണക്കാലത്ത് മദ്യവില്‍പ്പന ഏറുമെങ്കിലും ഇക്കുറി മൂന്നുദിവസം മാത്രം 200 കോടിയുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. മദ്യവില കൂടിയത് കണക്കില്‍ ചെറിയൊരു കയറ്റത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.
സാധാരണ ഓണത്തിന് പത്തുദിവസത്തെ കണക്കാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എടുക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് പത്തുദിവസം കൊണ്ട് ചെലവായത് 236 കോടിയുടെ മദ്യമായിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 24.93 ശതമാനമായിരുന്നു ആ വര്‍ഷത്തെ വര്‍ദ്ധന. ഇക്കൊല്ലം മൂന്നുദിവസം കൊണ്ടുതന്നെ 200 കോടിയിലെത്തി. പത്തുദിവസത്തെ കണക്കെടുക്കുമ്പോള്‍ അതിനെ കടത്തിവെട്ടുമെന്ന് ഉറപ്പ്. ഓരോ കൊല്ലവും മദ്യവില്‍പ്പനയുടെ തോത് കൂടിവരികയാണ്. 2010ലെ കണക്കില്‍ കേരളം നുണഞ്ഞത് 155.61 കോടി രൂപയുടെ മദ്യമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 17.61 ശതമാനത്തിന്റെ വര്‍ദ്ധന. 2009ലെ വില്‍പ്പനക്കണക്ക് 132 കോടി. ഇക്കുറി ഓണത്തിന് വില്‍പ്പനയില്‍ 1520 ശതമാനത്തിന്റെ വര്‍ദ്ധന ബിവറേജസ് കോര്‍പ്പറേഷന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടിയാണ് മദ്യവില്‍പ്പനയുടെ മുന്നേറ്റം.
മദ്യപാനത്തോടൊപ്പം ഓണത്തല്ലിനും ഇത്തവണ കുറവില്ലായിരുന്നു. കേരളമെമ്പാടും ഓണനാളുകളില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ ഇതുശരിവയ്ക്കുന്നു. ഇതില്‍ ഹരിപ്പാടു നിന്നൊരു സാമ്പിള്‍ ഇതാ- ആവശ്യപ്പെട്ട പാട്ട് പാടിയില്ലെന്നാരോപിച്ച് ഹരിപ്പാട് ഗാനമേളക്കാരെ ഒരുസംഘം യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ ഗാനമേളാസംഘത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മിക്‌സര്‍ മെഷീനും ബോക്‌സും ഉള്‍പ്പെടെ അഞ്ചരലക്ഷം രൂപയുടെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. ഗുരുമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വിളക്കുകളും എറിഞ്ഞുതകര്‍ത്തു. താമല്ലായ്ക്കല്‍ ജംഗ്ഷനിലുള്ള ഗുരുമന്ദിരത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
പ്രതിഷ്ഠാ വാര്‍ഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തിരുവനന്തപുരം ‘സ്വരധാര’യുടെ ഗാനമേള നടന്നിരുന്നു. ഇതിനിടെ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ഒരു പാട്ട് പാടണമെന്ന് യുവാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ട്രൂപ്പുകാര്‍ ശാഖാ ഭാരവാഹികളുടെ അനുവാദം വാങ്ങി പാട്ട് പാടാന്‍ സമ്മതിച്ചു. ഇതിനിടെ വോള്‍ട്ടേജ് കുറഞ്ഞതിനെതുടര്‍ന്ന് പത്തുമിനിട്ടോളം ഗാനമേള നിര്‍ത്തിവച്ചു. ഈ സമയം പാട്ടുപാടാന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് ഒരുസംഘം യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഗാനമേള ട്രൂപ്പിലെ പാട്ടുകാരിയുടെ കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാഖായോഗത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാരവാഹികളുടെ നാല് ബൈക്കുകള്‍ക്ക് കേടുപാടുവരുത്തി. ഹരിപ്പാടുമാത്രമല്ല, കേരളമെമ്പാടും ഇത്തരത്തില്‍ നിരവധി ഓണത്തല്ലുകളാണ് അരങ്ങേറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.