1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2018

സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഒരുപാട് ഖേദിക്കേണ്ടി വരും,’ യുഎന്‍ രക്ഷാസമിതിയില്‍ ബ്രിട്ടന് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍ റഷ്യന്‍ ഇരട്ടച്ചാരനെയും മകളെയും രാസായുധം കൊണ്ടു വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും റഷ്യയും തമ്മില്‍ യുഎന്‍ രക്ഷാസമിതിയില്‍ കനത്ത വാക്‌പോര്. കഴിഞ്ഞ മാസം നാലിനു ബ്രിട്ടിഷ് പട്ടണമായ സോള്‍സ്ബ്രിയില്‍ രാസായുധ പ്രയോഗത്തില്‍ ഗുരുതരാവസ്ഥയിലായ സെര്‍ഗെയ് സ്‌ക്രീപലും മകള്‍ യുലിയയും ആശുപത്രിയില്‍ ചികില്‍സയിലാണ്.

റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണു ബ്രിട്ടന്റെ ആരോപണം. ‘അസംബന്ധ നാടകം പോലെ തോന്നുന്നു ഇതെല്ലാം. കുറച്ചു ഭേദപ്പെട്ട കെട്ടുകഥയുമായി നിങ്ങള്‍ക്കു വരാനാവില്ലേ? ഞങ്ങളുടെ ബ്രിട്ടിഷ് സഹപ്രവര്‍ത്തകരോടു ഞങ്ങള്‍ പറഞ്ഞുകഴിഞ്ഞു, നിങ്ങള്‍ തീ കൊണ്ടുകളിക്കുന്നു. ഇതില്‍ നിങ്ങള്‍ ഖേദിക്കും,’ യുഎന്നിലെ റഷ്യയുടെ അംബാസഡര്‍ വാസിലി നെബന്‍സിയ രക്ഷാസമിതി യോഗത്തില്‍ തുറന്നടിച്ചു.

റഷ്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു സമിതി യോഗം ചേര്‍ന്നത്. റഷ്യയ്‌ക്കെതിരെ ഗീബല്‍സ് മാതൃകയിലുള്ള കള്ളപ്രചാരണ യുദ്ധമാണു നടക്കുന്നതെന്നും അംബാസഡര്‍ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണു സ്‌ക്രീപലിന്റെ രണ്ടു പൂച്ചകള്‍ക്കും ഗിനിപ്പന്നികള്‍ക്കും എന്തു സംഭവിച്ചുവെന്ന ചോദ്യം റഷ്യന്‍ പ്രതിനിധി ഉന്നയിച്ചത്. ‘ആ ജന്തുക്കള്‍ക്ക് എന്തു സംഭവിച്ചു? എന്താണ് ആരും അവയെപ്പറ്റി പറയാത്തത്? അവയുടെ സ്ഥിതി നിര്‍ണായകമായ തെളിവാണ്.’

30 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ, നെബന്‍സിയ ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എടുത്തു ‘ശിക്ഷ ആദ്യം, വിധി പിന്നീട്’ എന്നു രാജ്ഞി പറയുന്ന ഭാഗം വായിക്കുകയും ചെയ്തു. ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍ വേറൊരു നല്ല ഉദ്ധരണിയുണ്ട്, ചിലപ്പോഴെല്ലാം ഞാന്‍ പ്രഭാതഭക്ഷണത്തിനു മുന്‍പേ തന്നെ ആറ് അസാധ്യകാര്യങ്ങള്‍ വരെ വിശ്വസിക്കാറുണ്ട്. ഈ വാക്യം എന്റെ റഷ്യന്‍ സഹപ്രവര്‍ത്തകനാണു നന്നായി ചേരുകയെന്നു തോന്നുന്നു,’ എന്ന്
ബ്രിട്ടന്റെ അംബാസഡര്‍ കരണ്‍ പീയേഴ്‌സ് തിരിച്ചടിച്ചു.

രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണു ബ്രിട്ടന്‍ മുന്നോട്ടു പോകുന്നതെന്നും ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന മുന്‍ചാരന്റെ മകളുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യന്‍ കോണ്‍സുലേറ്റിനു സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കരണ്‍ പീയേഴ്‌സ് പറഞ്ഞു. അതിനിടെ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ വളര്‍ത്തിയിരുന്ന പൂച്ചയും രണ്ടു ഗിനിപ്പന്നികളും രാസായുധ പ്രയോഗത്തില്‍ ചത്തതായി ബ്രിട്ടന്‍ വെളിപ്പെടുത്തി.

ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും രണ്ടു ഗിനിപ്പന്നികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. വിഷരാസവസ്തു ശ്വസിച്ച പൂച്ച പിടയുകയായിരുന്നു. അതിന്റെ യാതന ഒഴിവാക്കാന്‍ വെറ്ററിനറി സര്‍ജന്‍ ദയാവധം നടത്തിയെന്നും ബ്രിട്ടിഷ് ഭക്ഷ്യ പരിസ്ഥിതിവകുപ്പു വക്താവ് വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങള്‍ക്കെന്തു സംഭവിച്ചുവെന്നു വെളിപ്പെടുത്തണമെന്നു റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണു ബ്രിട്ടന്റെ സ്ഥിരീകരണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.