1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2018
Robert Mueller

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി. 2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന കേസില്‍ 13 റഷ്യക്കാര്‍ക്കും മൂന്ന് സ്ഥാപനങ്ങള്‍ക്കുമെതിരെ എഫ്.ബി.ഐ മുന്‍ മേധാവി റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്.

37പേജുള്ള കുറ്റപത്രത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പരാജയമുറപ്പിക്കുന്ന തരത്തില്‍ റഷ്യ ഇടപെടല്‍ നടത്തിയതിന് വ്യക്തമായ തെളിവുകള്‍ മ്യൂളര്‍ നിരത്തുന്നുണ്ട്. പൊതുജനങ്ങളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് മ്യൂളര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ വെബ്‌സൈറ്റുകളില്‍ ഹിലരിക്കെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ട്രംപിന് അനുകൂലമായ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

2016 ആഗസ്റ്റില്‍ റഷ്യന്‍ ഇന്റര്‍നെറ്റ് വിദഗ്ധര്‍ @donaltdrump.com എന്ന മെയില്‍ അഡ്രസ് വഴി ട്രംപിന്റെ കാമ്പയിന്‍ അംഗങ്ങളുമായി നിരവധിതവണ ആശയവിനിമയം നടത്തിയതായും എഫ്.ബി.ഐ കണ്ടെത്തി. ആഫ്രോഅമേരിക്കക്കാര്‍ ഹിലരിക്ക് വോട്ടു ചെയ്യാതിരിക്കാനും റഷ്യക്കാര്‍ ഇടപെടല്‍ നടത്തി. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ഹിലരിക്കെതിരായ സന്ദേശങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചു. അതുപോലെ യുനൈറ്റഡ് മുസ്‌ലിംസ് ഓഫ് അമേരിക്ക എന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അമേരിക്കന്‍ മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നുവെന്ന് പോസ്റ്റ് ചെയ്തു.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിക്കുകയും ചെയ്തു. ക്രമക്കേട് നടന്നില്ലായിരുന്നെങ്കില്‍ ജനകീയ വോട്ടില്‍ താന്‍ മുന്നിലെത്തുമായിരുന്നുവെന്ന് ട്രംപ് തെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.