1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2019

സ്വന്തം ലേഖകന്‍: സാഹോയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ കണ്ണഞ്ചിക്കുന്ന വിഷ്വല്‍ എഫക്ട്‌സിനൊപ്പം തീപ്പൊരി പാറിച്ച് പ്രഭാസ്. തെലുങ്ക് സൂപ്പര്‍ താരത്തില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരമായി വളര്‍ന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ സാഹോയുടെ ട്രെയിലര്‍ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടു. ബാഹുബലിയ്ക്ക് ശേഷമെത്തുന്ന പ്രഭാസ് ചിത്രമെന്ന ഭാരവും പേറിയാണ് സാഹോ എത്തുന്നതെങ്കിലും ആരാധകരുടെ പ്രതീക്ഷകളെ കവച്ചുവെക്കുന്ന പ്രകടനമാണ് പ്രഭാസ് ട്രെയിലറില്‍ കാഴ്ചവക്കുന്നത്. അതോടൊപ്പം ഹോളിവുഡ് ആക്ഷന്‍ ത്രില്ലറുകളില്‍ മാത്രം കണ്ടു ശീലിച്ച ആക്ഷന്‍, ചേസിംഗ് രംഗങ്ങളും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നു. കാത്തിരിപ്പ് വെറുതെയാകില്ല എന്ന സൂചനയാണ് 2 മിനിറ്റും 45 സെക്കന്റുമുള്ള തകര്‍പ്പന്‍ ട്രെയിലര്‍ നല്‍കുന്നത്.

ഊബര്‍ കൂള്‍ അവതാരത്തില്‍ എത്തുന്ന പ്രഭാസ് തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ബാഹുബലിയിലെ ഫാന്റസി നായകനില്‍ നിന്ന് ഹൈടെക് ലോകത്തെ ഒരു മാസ്റ്റര്‍മൈന്‍ഡായി ഈ നടന്‍ അനായാസം മാറുന്നത് കാണാം. രൂപഭാവങ്ങളിലും ശരീരഭാഷയിലും ഈ മാറ്റം പ്രകടമാണ്. നായികയായെത്തുന്ന ശ്രദ്ധാ കപൂറിനൊപ്പം പ്രണയ രംഗങ്ങളിലും പ്രഭാസ് തിളങ്ങുന്നു. എങ്കിലും ബാഹുബലിയിലെ അനുഷ്‌കയോടൊപ്പമുള്ള രസതന്ത്രം പ്രഭാസിനും ശ്രദ്ധയ്ക്കും ഇടയിലില്ലെന്നതാണ് ഒരു പോരായ്മ്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരും ട്രെയിലറില്‍ മുഖം കാണിക്കുന്നു. മലയാളി സാന്നിധ്യമായി ലാലും താരനിരയിലുണ്ട്.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് കൈകാര്യം ചെയ്യുന്നത്.

ബാഹുബലി 2വിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സാഹോ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. 2017ലാണ് ബാഹുബലി 2 തിയറ്ററുകളില്‍ എത്തിയത്. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെയാണ് രാജമൌലിയുടെ ബ്രഹ്മാണ്ഡ ഫാന്റ്‌സി ചിത്രം പ്രഭാസിന് നേടിക്കൊടുത്തത്.

ചിത്രത്തിന്റെ ഒരു പ്രധാന ആക്ഷന്‍ രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ രംഗം യഥാര്‍ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന് സംവിധായകന്‍ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. സാധാരണ 70 ശതമാനത്തോളം കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറി ഉപയോഗിച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുക പതിവ്. എന്നാല്‍ സാഹോയുടെ അണിയറക്കാര്‍ യഥാര്‍ഥമായി തന്നെ രംഗം ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് ചെലവഴിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് കിടിലന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ട്രെയിലര്‍. ആക്ഷന്‍ രംഗങ്ങളില്‍ കുറേക്കൂടി കൃത്യത വരുത്താനായി ചിത്രത്തിന്റെ റിലീസ് വരെ നിര്‍മ്മാതാക്കള്‍ മാറ്റിവെച്ചതിനും ട്രെയിലര്‍ വിശദീകരണം നല്‍കുന്നു. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമായി മാത്രം കാണുന്ന പൂര്‍ണതയോടെയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓഗസ്റ്റ് 30 ന് സാഹോ തിയറ്ററുകളിലെത്തും. സ്വാതന്ത്ര്യ ദിനത്തില്‍ റിലീസ് സാധിച്ചില്ലെങ്കിലും ഓഗസ്റ്റില്‍ തന്നെ ചിത്രം പ്രേക്ഷകരില്‍ എത്തണം എന്ന നിര്‍മ്മാതാക്കളുടെ തീരുമാനമാണ് ഓഗസ്റ്റ് 30 റിലീസ് തിയതിയായി പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് സൂചന. ആര്‍.ഡി. ഇല്യുമിനേഷനാണ് കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനായി എത്തിക്കുന്നത്. സാഹോയുടെ തകര്‍പ്പന്‍ മലയാളം ട്രെയിലര്‍ കാണാം.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല