1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; മകരജ്യോതി കണ്ട നിര്‍വൃതിയില്‍ പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശനം നിറവായി. ഒപ്പം പൊന്നമ്പലമേടിന്റെ ആകാശത്ത് മകര സംക്രമനക്ഷത്രവും തെളിഞ്ഞു.

വൈകീട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകീട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ഏറ്റുവാങ്ങി.

പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പന് സന്ധ്യയ്ക്ക് 6.32ന് ദീപാരാധ നടന്നു. പര്‍ണശാലകളില്‍ അയ്യപ്പന്‍മാര്‍ കര്‍പ്പൂരാഴ് തീര്‍ത്തു.

ഈ സമയം മാനത്ത് മകര നക്ഷത്രം ഉദിച്ചിരുന്നു. 6.36ന് പൊന്നമ്പലമേട്ടില്‍ ആദ്യം മകരവിളക്ക് തെളിഞ്ഞു. പിന്നീട് നിമിഷങ്ങള്‍ക്കകം രണ്ട് തവണ കൂടി. ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കല്‍ ബേസ് ക്യാംപ് നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളാണ് ബേസ് ക്യാമ്പില്‍ എത്തിയത്.

ഇക്കൊല്ലം മകരസംക്രമ പൂജയ്ക്കുള്ള മുഹൂര്‍ത്തം രാത്രി 7.52നായിരുന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാര്‍ത്തിയാണ് പൂജ നടത്തിയത്. യുവതീ പ്രവേശന വിവാദത്തിന്റേയും പ്രതിഷേധത്തിന്റേയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.