1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2018

സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്. നാലംഗം സംഘം പൊലീസ് സംരക്ഷണയോടെ കോട്ടയത്തേക്ക് തിരിച്ചുപോയി. പുലര്‍ച്ചെ 1.50 നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. തുടര്‍ന്ന് എരുമേലി വഴി പമ്പയിലേക്ക് യാത്ര തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്. കോട്ടയം, എറണാകുളം സ്വദേശികളാണ് ഇവര്‍.

നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്നാണ് ഇവര്‍ പറയുന്നത്.

വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്പും ഇത്തരത്തില്‍ ശബരിമലയില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടറെ വിളിച്ച് സുരക്ഷ ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിവരം. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നാണ് പൊലീസിന്റെ വാദം. ഈ സാഹചര്യത്തിലാണ് പൊലീസ് ഇവരെ വനിതാ പൊലീസിന്റെ അകമ്പടിയോടെ കോട്ടയത്തേക്ക് അയച്ചത്.

അതേസമയം തങ്ങള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ പ്രത്യേകിച്ച് വിലക്കൊന്നുമില്ലെന്നാണ് ട്രാന്‍സ് ജെന്‍ഡറുകളുടെ നിലപാട്. ശബരിമല ദര്‍ശനത്തിന് ഇവര്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് സംസാരിച്ചത്. തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.

നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം, സന്നിധാനത്തു മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പതിനെട്ടാം പടിക്കുമുകളില്‍നിന്നു ചിത്രം എടുക്കുന്നതിനു നിയണം ഏര്‍പ്പെടുത്തും. വര്‍ഷത്തില്‍ 7 ദിവസം മാത്രമേ തിരുമുറ്റത്തു ചിത്രം എടുക്കാന്‍ അനുവാദമുള്ളു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ പതിനെട്ടാം പടിക്കു മുകളിലേക്കു കൊണ്ടു പോകുന്നതും നിയന്ത്രിക്കും. തീര്‍ഥാടകരുടെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ വലിയ നടപ്പന്തലില്‍ വാങ്ങി സൂക്ഷിക്കും. ഇതിനായി കൗണ്ടര്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.