1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2018

സ്വന്തം ലേഖകന്‍: ശബരിമല: ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; മൂന്നംഗ നിരീക്ഷക സമിതി ശബരിമല സന്ദര്‍ശിക്കും; രണ്ടാംഘട്ട പ്രത്യക്ഷ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കാന്‍ സമിതിയെ നിയോഗിക്കേണ്ടത് ഹൈക്കോടതിയല്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ നിരീക്ഷണത്തിന് ഒരു സമിതി ആവശ്യമാണെങ്കില്‍ അത് സുപ്രീം കോടതി നിയമിക്കുന്ന നിരീക്ഷക സമിതിയാകണം എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറയും.

ഡിസംബര്‍ നാലിന് ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്നും, ഭക്തര്‍ക്ക് പൊലീസ് നടപടി എന്തെങ്കിലും തടസം ഉണ്ടാക്കുന്നുണ്ടോയെന്നുമുളള കാര്യങ്ങളറിയാനുമാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ മേല്‍നോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും. സംഘം ഉച്ചയോടെ നിലയ്ക്കലില്‍ എത്തും. സംഘം പമ്പയിലും പരിശോധന നടത്തിയ ശേഷം രാത്രിയില്‍ സന്നിധാനത്ത് തങ്ങും. നാളെയാണ് സംഘം സന്നിധാനത്ത് സന്ദര്‍ശനം നടത്തുക.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിലയ്ക്കലില്‍ എത്തുന്ന സംഘം ആദ്യം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തും. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ സംഘം പമ്പയില്‍ എത്തും. തുടര്‍ന്ന് രാത്രിയോടെ സന്നിധാനത്തേക്ക് പോകും.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരവും ഇന്ന് തുടങ്ങും. സെക്രട്ടറിയേറ്റ് പടിക്കല്‍ ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നതോടെ സമരം ശക്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇന്ന് രാവിലെ പത്തരയോടെ സത്യാഗ്രഹം തുടങ്ങും. പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.