1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2019

സ്വന്തം ലേഖകന്‍: കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന്  അധികൃതര്‍. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക.

യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിന്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്രവും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം.

വാവര്‍ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുന്‍നിര്‍ത്തി ആലങ്ങാട് സംഘം മസ്ജിദില്‍ കയറാതെ പള്ളിയെ വണങ്ങി ആദരവര്‍പ്പിക്കും. പേട്ട തുള്ളലിന് മുന്നോടിയായി ഇന്നലെ ചന്ദനകുടവും നടന്നിരുന്നു. നാളെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്.

ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്. ഘോഷയാത്രയില്‍ പങ്കാളികളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.