1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2018

സ്വന്തം ലേഖകന്‍: സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം സംബന്ധിച്ച് തര്‍ക്കം; 52 വയസെന്ന് തെളിഞ്ഞപ്പോള്‍ ദര്‍ശനമൊരുക്കി സമരക്കാര്‍; വിവാദ പ്രസംഗത്തില്‍ കുടുങ്ങി ബിജെപി നേതാവ് ശ്രീധരന്‍പിള്ള; നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.

വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടന്നത്. എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 52 വയസ് പ്രായം ഉണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ഭക്തര്‍ തന്നെ സ്ത്രീയ്ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കി. തൃശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.

അതിനിടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഇന്ന് കേസെടുത്തേക്കും. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിട്ടുണ്ട്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന്
പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

യുവമോര്‍ച്ച യോഗത്തിനിടെ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര് രംഗത്തെത്തി. നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് ഒരു തരത്തിലുള്ള നിയമോപദേശവും തേടിയിരുന്നില്ല എന്ന് തന്ത്രി വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.