1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2019

സ്വന്തം ലേഖകന്‍: ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാട്ടം; തെരുവുയുദ്ധം; കേരളം യുദ്ധക്കളമായി; ബോംബേറും കത്തിക്കുത്തും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കലും; പാലക്കാടും മഞ്ചേര്വത്തും നിരോധനാജ്ഞ; അക്രമം നടത്തിയ 745 പേര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 5000 പേര്‍ക്കെതിരെ കേസ്; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ വ്യാഴാഴ്ച അക്രമികള്‍ അഴിഞ്ഞാടിയതോടെ സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരേ ബി.ജെ.പി. പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പലേടത്തും തെരുവുയുദ്ധമായി മാറി. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ പലയിടത്തും കടകള്‍ തുറക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി രംഗത്തെത്തി. പോലീസുമായി ഏറ്റുമുട്ടിയ ഹര്‍ത്താല്‍ അനുകൂലികളെ ചെറുക്കാന്‍ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് ഉച്ചവരെ യുദ്ധസമാനമായ സാഹചര്യമായി. മൂന്നിടത്ത് ബോംബേറുമുണ്ടായി.

അക്രമങ്ങളിലും പോലീസ് നടപടികളിലും 34 പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ ഒരു ബസും എട്ട് ജീപ്പും നശിപ്പിച്ചു. വ്യാഴാഴ്ച മാത്രം 33 കെ.എസ്.ആര്‍.ടി.സി. ബസുകളും തകര്‍ത്തു. രണ്ടുദിവസങ്ങളിലായി തുടരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാത്രിയോടെ 745 പേര്‍ അറസ്റ്റിലായി. 628 പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. വിവിധയിടങ്ങളിലായി 559 കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ച സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിന് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ പോലീസ് പ്രഖ്യാപിച്ചു.

അക്രമങ്ങള്‍ തുടരുന്നതിനിടെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയവിവരം ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ അക്രമങ്ങളെയും പൊതുസ്വകാര്യ മുതല്‍ നശിപ്പിച്ചതിനെയും കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. അതിഗുരുതരമായ സാഹചര്യമാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ ഫോണില്‍ അറിയിച്ചു.

തൃശൂരില്‍ മൂന്നും കാസര്‍ഗോഡ് ഒന്നും വീതം ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കോഴിക്കോട് പ്രകടനം കഴിഞ്ഞുമടങ്ങിയ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഏങ്ങണ്ടിയൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനു നേരത്തെ കുത്തേറ്റിരുന്നു. കാസര്‍ഗോഡും ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. മലയീന്‍കീഴും നെടുമങ്ങാട്ടും വന്‍ സംഘര്‍ഷം ഉണ്ടായി. നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി.

പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഓഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ചു ബൈക്കുകളും രണ്ടു കാറും എറിഞ്ഞുതകര്‍ത്തു. ഓഫിസിന്റെ ജനലുകളും തകര്‍ത്തിട്ടുണ്ട്. പ്രകടനം നടത്താനായി വിക്ടോറിയ കോളജിനുസമീപം ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നതിനിടെയായിരുന്നു അക്രമം. സിപിഐഎം കര്‍മസമിതി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും ഉണ്ടായി. ഹര്‍ത്താനുകൂലികളെ പിരിച്ചുവിടാന്‍ പൊലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഇതിനിടെ വൈകുന്നേരം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു പാലക്കാട് സിപിഐഎം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബിജെപി ജില്ലാ ഓഫിസിനുനേരെ പ്രകടനം നടത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ബിജെപി ഓഫിസിനുനേരെ കല്ലേറുണ്ടായി.

തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തലശേരി ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് ബോംബേറുണ്ടായത്.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്കേറ്റു.

കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി വിലാപയാത്ര നടത്തി. ഇതുവരെയുള്ള കണക്കനുസരിച്ച് ഇന്നലെയും ഇന്നുമായി നൂറോളം ബസുകള്‍ അക്രമികള്‍ തകര്‍ത്തു. 3.35 കോടി രൂപയാണ് നഷ്ടംമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.