1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2019

സ്വന്തം ലേഖകന്‍: ശബരിമല യുവതി പ്രവേശനം; ബി.ജെ.പിയുടെ സമരം ഇന്ന് അവസാനിപ്പിക്കും; സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനത്തിന് സമാപനമായി; തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറി നടയടച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല നട അടയ്ക്കുന്നതും പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. നിരാഹാര സമരം നിര്‍ത്താനാണ് ആര്‍.എസ്.എസും നിര്‍ദ്ദേശം നല്‍കിയത്. വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല പ്രശ്‌നം രാഷ്ട്രീയമായി ഉയര്‍ത്തി നേട്ടമുണ്ടാക്കുന്നതിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. പാര്‍ട്ടി അണികളില്‍ ആവേശം പകര്‍ന്ന് നടന്ന സമരം പക്ഷേ മുന്നോട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കാണാനായില്ല. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിന്‍വലിക്കണമെന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം എന്നാല്‍ മകരവിളക്കിന് ശേഷമാണ് നിരോധനാജ്ഞ നീക്കിയത്. ഇതോടെ സമരം പുനഃപരിശോധന ഹരജി പരിഗണിക്കുന്നത് വരെ തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ അതും നീളുമെന്നായതോടെ സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയത് തന്നെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. സമരം അവസാനിപ്പിക്കുന്നതോടെ പ്രശ്‌നം പാര്‍ട്ടിയില്‍ വീണ്ടും തല പൊക്കാനാണ് സാധ്യത. അതിനാല്‍ ആര്‍.എസ്.എസിന്റെ കൂടി നിര്‍ദ്ദേശം വാങ്ങിയാണ് സമരം അവസാനിപ്പിക്കുന്നത്. അതിനിടെ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് നിവേദനം നല്‍കി.

തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിന് ശേഷം നട അടച്ചതോടെ ശബരിമല തീര്‍ത്ഥാടനത്തിന് സമാപനമായി. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

തീര്‍ഥാടന കാലത്തെ ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടി രൂപയാണ്. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടി രൂപയുടെയും നഷ്ടം ഉണ്ടായി. ഇന്നലെ വരെയുളള കണക്കാണിത്. മണ്ഡലകാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്കു കാലത്തേത് 63,00,69,947 രൂപയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.