1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2019

സ്വന്തം ലേഖകൻ: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നട തുറന്നത്. നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജകള്‍ ഒന്നും ഉണ്ടാകില്ല.

ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നുള്ള പതിനഞ്ചംഗ സംഘത്തിലെ പത്തു പേരെയാണു തടഞ്ഞത്. പ്രായം പരിശോധിച്ചശേഷമായിരുന്നു പൊലീസ് നടപടി. ആചാരത്തെക്കുറിച്ച് അറിയില്ലെന്നു സ്ത്രീകള്‍ പ്രതികരിച്ചു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളാണു പൊലീസ് പരിശോധിക്കുന്നത്.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് പോലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. ആദ്യ ഘടത്തിൽ 2800 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ശബരിമല വിധിയില്‍ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ എജിയുടെ നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു

നിലയ്ക്കൽ പമ്പ സന്നിധാനം എന്നിവടങ്ങളിൽ മൂന്ന് എസ്.പി മാരുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. നിലയ്ക്കലിൽ കർശന സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നത്. എന്നാൽ യുവതീ പ്രവേശന വുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണത്തെ പോലെ കടുത്ത നിയന്ത്രണങ്ങൾ ഇത്തവണയില്ല പമ്പയില്‍ ഇക്കുറി ചെക് പോസ്റ്റ് ഇല്ലെന്നും യുവതികൾ എത്തുമ്പോൾ അതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്‌റ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.