1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2018

സ്വന്തം ലേഖകന്‍: ശബരിമലയില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി; പുനഃപരിശോധനാ ഹര്‍ജിയില്ല; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആന്ധ്രാപ്രദേശ് സ്വദേശിയായ മാധ്യമ പ്രവര്‍ത്തക കവിത ജെക്കാലയേയും കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമയേയും തടഞ്ഞ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് കേസ്. സന്നിധാനം പോലീസാണ് മൂന്ന് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

നിരോനാജ്ഞ ഉത്തരവ് ലംഘിച്ച് സംഘം ചേരുക, ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയവര്‍ക്ക് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് മാര്‍ഗ തടസ്സമുണ്ടാക്കുക, പോലീസിന്റെ ഔദ്യോഗിക കുറ്റകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക. എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശബരിമലയുടെ പരിസര പ്രദേശങ്ങളിലുള്ള സിസിടിവികളില്‍ നിന്നും പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ പതിനട്ടാംപടിക്ക് താഴെ പ്രതിഷേധം നടത്തിയ പരികര്‍മ്മികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. സംഘര്‍ഷം നിലനില്‍ക്കുന്നതാണ് നീട്ടാന്‍ കാരണം. തിങ്കളാഴ്ച നട അടയ്ക്കും. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ചരാത്രി 12 വരെയായിരുന്നു കളക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ നേരത്തെ പ്രഖ്യാപിച്ചത്.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പകരം ശബരിമലയില്‍ നിലവിലെ ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനും ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയെ നിയോഗിക്കാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരെ മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് വിളിച്ച് ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബോര്‍ഡ് തീരുമാനിച്ചു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.